ഡാറ്റ എങ്ങനെ ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാം

വ്യക്തിപരമായ ഡാറ്റ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യാനോ മറ്റൊരു ദാതാവിലേക്ക് കെെമാറാനോ താൽപ്പര്യമുണ്ടോ? Google Takeout ഉപയോഗിച്ച് ഇവ രണ്ടും ചെയ്യാവുന്നതാണെന്ന് Google-ന്റെ സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സും ഗ്രെഗ് ഫെയറും വിശദീകരിക്കുന്നു

മിക്‌ലിറ്റ്‌സ്, ഫെയർ, നിങ്ങൾക്കാണ് Google Takeout-ന്റെ ഉത്തരവാദിത്തമുള്ളത്. അതിന്റെ കൃത്യമായ ഉപയോഗം എന്താണ്?

സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സ്, Google-ന്റെ സ്വകാര്യതാ, സുരക്ഷാ ടീമിലെ എഞ്ചിനിയറിംഗ് ഡയറക്‌ടർ: ഉദാഹരണത്തിന്, Google Drive-ൽ സംഭരിച്ച ഫോട്ടോകളും കോൺടാക്‌റ്റുകളും ഇമെയിലുകളും കലണ്ടർ എൻട്രികളും സംഗീത ഫയലുകളും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യാനോ മറ്റൊരു ദാതാവിന് കെെമാറാനോ Google Takeout നിങ്ങളെ അനുവദിക്കുന്നു.

ഗ്രെഗ് ഫെയർ, Google Takeout-ന്റെ ഉൽപ്പന്ന മാനേജർ: എനിക്കും എന്റെ ഭാര്യയ്‌ക്കും രണ്ട് മക്കളുണ്ട്, മിക്ക രക്ഷിതാക്കളെയും പോലെ മക്കളുടെ ധാരാളം ഫോട്ടോകൾ ഞങ്ങളുടെ പക്കലുമുണ്ട് – കൃത്യമായി പറഞ്ഞാൽ 600 ജിഗാബൈറ്റ് ഫോട്ടോകൾ. ഈ ഫോട്ടോകളെല്ലാം അടങ്ങുന്ന ഞങ്ങളുടെ ഹാർഡ് ഡ്രെെവ് ക്രാഷായപ്പോൾ, മുഴുവൻ ഫോട്ടോകളും Google Photos-ലും സംരക്ഷിച്ചിരുന്നതിനാൽ ഞാൻ സന്തുഷ്‌ടനായിരുന്നു. തുടർന്ന് ആ ചിത്രങ്ങൾ പുതിയ ഹാർഡ് ഡ്രെെവിലേക്ക് ഡൗൺലോഡ് ചെയ്യാൻ Google Takeout ഉപയോഗിക്കാൻ എനിക്കായി.

ഗ്രെഗ് ഫെയർ
സ്‌മാർട്ട്ഫോൺ

Google-ൽ നിന്ന് ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിന് പുറമെ അവ മറ്റ് ദാതാക്കൾക്ക് കെെമാറാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന Google Takeout-ന്റെ ഉത്തരവാദിത്തമുള്ള വ്യക്തിയാണ് Google ഉൽപ്പന്ന മാനേജറായ ഗ്രെഗ് ഫെയർ.

ആളുകൾ എങ്ങനെയാണ് Takeout ഉപയോഗിക്കുന്നത്?

ഫെയർ: Google Drive-ൽ സംഭരിക്കുന്ന എല്ലാ ഡാറ്റയും ബാക്കപ്പ് ചെയ്യാനാണ് കൂടുതലായും അവർ ഇത് ഉപയോഗിക്കുന്നത്.

മിക്‌ലിറ്റ്‌സ്: യഥാർത്ഥത്തിൽ ഡാറ്റ, വീട്ടിലെ സ്‌റ്റോറേജ് ഉപകരണങ്ങളിൽ ഇരിക്കുന്നതിനേക്കാൾ ഏറ്റവും സുരക്ഷിതമായിരിക്കുക Google Drive-ൽ ആയിരിക്കും എന്നതിനാൽ ഇത് ഏറെക്കുറെ യുക്തിരഹിതമാണ്.

ഫെയർ: വീട്ടിലാകുമ്പോൾ ഹാർഡ് ഡ്രൈവിൽ പൂച്ച മൂത്രമൊഴിക്കുകയോ കുട്ടികൾ അത് തകർക്കുകയോ തീപ്പിടുത്തമുണ്ടാകുകയോ ചെയ്യാം. Google-ൽ ഓരോ ഫയലും വ്യത്യസ്‌ത സെർവറുകളിൽ പല തവണ സംഭരിക്കുന്നു. ഇതിലും സുരക്ഷിതമായി സംഭരിക്കാനാകില്ല.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും താങ്കളും ഹാർഡ് ഡ്രെെവിൽ ഡാറ്റ ബാക്കപ്പ് ചെയ്യുന്നുണ്ടല്ലോ മിസ്‌റ്റർ ഫെയർ!

ഫെയർ: എന്റെ ഭാര്യ ചിത്രം എഡിറ്റ് ചെയ്യുന്ന പ്രോഗ്രാമുകൾ ഉപയോഗിക്കുന്നതിനാലും ചിത്രങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്തതിനാലും ആണിത്.

"Google-ൽ ഓരോ ഫയലും വ്യത്യസ്‌ത സെർവറുകളിൽ പല തവണ സംഭരിക്കുന്നു. ഇതിലും സുരക്ഷിതമായി സംഭരിക്കാനാകില്ല."

ഗ്രെഗ് ഫെയർ

ഞാൻ മനസ്സിലാക്കുന്നു.

മിക്‌ലിറ്റ്‌സ്: എന്നാൽ ഉദാഹരണത്തിന്, അത് പോലുള്ള പ്രോഗ്രാമുകൾ ഞാൻ ഉപയോഗിക്കാറില്ലെങ്കിലും എന്റെ എല്ലാ ചിത്രങ്ങളുടെയും ബാക്കപ്പ് പകർപ്പുകൾ ഒരു ഹാർഡ് ഡ്രെെവിൽ ഞാൻ സംരക്ഷിക്കാറുണ്ട്. അത് എന്റെ ഡാറ്റയായതിനാൽ അവയുടെ ഭൗതിക പകർപ്പ് സൂക്ഷിക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നു.

നിങ്ങളുടെ ഭാഗത്ത് നിന്നും “യുക്തിരഹിതമായ” ഈ പെരുമാറ്റം ഉണ്ടാകുന്നത് എന്തുകൊണ്ട്?

മിക്‌ലിറ്റ്‌സ്: വളരെ വ്യക്തിപരവും വെെകാരികവുമായ ബന്ധമാണ് ഫോട്ടോകളുമായി നമുക്കുള്ളത്. അവ പല ഓർമ്മകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉപയോക്താവെന്ന നിലയിൽ എന്റെ ഫോട്ടോകൾ സംരക്ഷിക്കാൻ ഒറ്റ കമ്പനിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നതിൽ എനിക്ക് താൽപ്പര്യമില്ല – അത് ഞാൻ ജോലി ചെയ്യുന്ന കമ്പനിയായാലും ശരി. അതുകൊണ്ടാണ്, ക്ലൗഡിലാണെങ്കിൽപ്പോലും ഏത് സമയത്തും തങ്ങളുടെ ഡാറ്റ വീണ്ടെടുക്കാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന Google Takeout പോലുള്ള പോർട്ടബിലിറ്റി സേവനങ്ങൾക്ക് പ്രാധാന്യമേറുന്നത്.

പോർട്ടബിലിറ്റി എന്ന് മുതലാണ് Google-ന് ഒരു പ്രധാന വിഷയമായി മാറിയത്?

ഫെയർ: ഒരു ദശകത്തിലേറെയായി. വ്യക്തിഗത ഡാറ്റാ പോർട്ടബിലിറ്റി സേവനങ്ങൾ വികസിപ്പിച്ചാണ് ഞങ്ങൾ ആരംഭിച്ചത്. അതിന് ശേഷം 2011-ൽ Google അതിന്റെ കേന്ദ്രീകൃത സൊലൂഷൻ ലോഞ്ച് ചെയ്‌തു: Takeout. അന്ന് മുതൽ കൂടുതൽ Google സേവനങ്ങൾ നമ്മൾ ഏകീകരിച്ചിട്ടുണ്ട്, ഇന്ന് 40-ലധികം സേവനങ്ങൾക്ക് Takeout-ന്റെ പിന്തുണയുണ്ട്.

ധാരാളം ഉപയോക്താക്കൾ അവരുടെ ഡാറ്റ കമ്പ്യൂട്ടറുകളിലേക്ക് ഡൗൺലോഡ് ചെയ്യുമ്പോൾ വളരെ വിരളമായേ അത് മറ്റ് സേവനങ്ങളിലേക്ക് കെെമാറുന്നുള്ളൂ. ഈ അസന്തുലിതാവസ്ഥ നിലനിൽക്കുന്നത് എന്തുകൊണ്ടാണ്?

ഫെയർ: ഉപയോക്താക്കൾക്ക് Google-ൽ നിന്ന് Dropbox, Box അല്ലെങ്കിൽ Microsoft Office 365 എന്നിവയിലേക്കും മറിച്ചും തീർച്ചയായും ഡാറ്റ കെെമാറാനാകും. നമ്മുടെ എതിരാളികളിൽ പലരും ഇപ്പോഴും ഈ സാധ്യത നൽകുന്നില്ല. അത് മാറ്റാൻ ശ്രമിക്കുന്നതിന് 2017-ൽ ഡാറ്റാ കെെമാറ്റ പ്രൊജക്‌റ്റ് ഞങ്ങൾ ലോഞ്ച് ചെയ്‌തു, തുടർന്ന് 2018 ജൂലൈയിൽ പ്രൊജക്‌റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. കമ്പനികൾക്ക് പോർട്ടബിലിറ്റി ഫംഗ്‌ഷനുകൾക്കായി സൗജന്യമായ കോഡ് നൽകുന്ന ഓപ്പൺ സോഴ്‌സ് പ്രൊജക്‌റ്റാണിത്, ഒരു സേവനത്തിൽ നിന്ന് മറ്റൊരു സേവനത്തിലേക്ക് തടസ്സരഹിതമായ ഡാറ്റാ കെെമാറ്റം ഇത് സാധ്യമാക്കുന്നു.

മിക്‌ലിറ്റ്‌സ്: ഒരു സ്‌റ്റാർട്ടപ്പ് മികച്ച ഒരു പുതിയ സേവനം വികസിപ്പിക്കുന്നു എന്ന് കരുതുക. ഒരു ചെറിയ കമ്പനിയെ സംബന്ധിച്ചിടത്തോളം സ്വന്തമായ പോർട്ടബിലിറ്റി സൊലൂഷൻ സൃഷ്‌ടിക്കുക എന്നത് താങ്ങാവുന്നതിലധികം ചെലവേറിയ കാര്യമാകും. അതിന് പകരം, ആ കമ്പനിക്ക് ഡാറ്റാ കൈമാറ്റ പ്രൊജക്‌റ്റിൽ പോയി അനുബന്ധ കോഡുകൾ അതിന്റെ സ്വന്തം സോഫ്‌റ്റ്‌വെയറിലേക്ക് കെെമാറാവുന്നതാണ്.

ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ് സ്റ്റെഫാൻ മിക്‌ലിറ്റ്സ് (വലത്) ആണ് Google-ൽ ആഗോള സ്വകാര്യതയുടെയും സുരക്ഷയുടെയും ഉത്തരവാദിത്തമുള്ള വ്യക്തി. മ്യൂണിക്കിലെ സാങ്കേതിക സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ അദ്ദേഹം 2007-ന്റെ അവസാനം മുതൽ Google-ന്റെ മ്യൂണിക്ക് ഓഫീസിൽ ജോലി ചെയ്യുകയാണ്.

ഞാൻ മറ്റൊരു ദാതാവിലേക്ക് മാറുന്നതിൽ നിങ്ങൾക്കുള്ള താൽപ്പര്യം എന്താണ്?

ഫെയർ: നിങ്ങളുടെ ഡാറ്റ മറ്റൊരിടത്ത് ഉപയോഗിക്കാനാകില്ലെന്ന് നിങ്ങൾ കരുതുന്നത് കൊണ്ടല്ല മറിച്ച് ഏറ്റവും മികച്ച സേവനമായതിനാലാണ് നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കേണ്ടതെന്ന് ഞങ്ങൾ താൽപ്പര്യപ്പെടുന്നു.

2018 മെയ് മാസം പ്രാബല്യത്തിൽ വന്ന ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷനിൽ ഡാറ്റാ പോർട്ടബിലിറ്റിയെക്കുറിച്ചുള്ള വ്യവസ്ഥകൾ അടങ്ങിയിട്ടുണ്ട്. ഈ സവിശേഷതകൾ പാലിക്കാൻ നിങ്ങൾക്ക് ഡാറ്റ ഡൗൺലോഡ് ചെയ്യുന്ന ടൂൾ ഇഷ്‌ടാനുസൃതമാക്കേണ്ടി വന്നോ?

ഫെയർ: 2016-ൽ ഞങ്ങൾ ആദ്യമായി നിയന്ത്രണങ്ങൾ വായിച്ചപ്പോൾ പോർട്ടബിലിറ്റിയുടെ കാര്യത്തിൽ ഞങ്ങൾ മുമ്പേ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചുകൊണ്ടിരുന്നതെന്ന് മനസ്സിലായി. അക്കാലത്തും കുറച്ച് കാലമായി ഈ വിഷയത്തിൽ ഞങ്ങൾ കഠിനമായി പ്രയത്നിക്കുന്നുണ്ടായിരുന്നു.

മിക്‌ലിറ്റ്‌സ്: ഒടുവിൽ ഈ വിഷയത്തിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നുണ്ടെന്നത് നല്ല കാര്യമാണെന്ന് ഞങ്ങൾ കരുതുന്നു. ഇപ്പോഴും മിക്ക ഉപയോക്താക്കൾക്കും താൽപ്പര്യമില്ലാത്ത ഒരു സവിശേഷ മേഖലയാണ് പോർട്ടബിലിറ്റി. എന്നാലും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് മാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

"എന്റെ പക്കൽ എന്റെ കുട്ടിക്കാല ചിത്രങ്ങൾ ഉള്ളത് പോലെ എന്റെ മക്കളുടെ കയ്യിലും അവരുടെ കുട്ടിക്കാല ചിത്രങ്ങൾ ഉണ്ടായിരിക്കണം."

സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സ്

എന്തുകൊണ്ട്?

മിക്‌ലിറ്റ്‌സ്: ആളുകൾ അവരുടെ ഡാറ്റ, ക്ലൗഡിൽ സംഭരിക്കാൻ തുടങ്ങുന്നതേ ഉള്ളൂ. ഒരു കമ്പനി പാപ്പരായെന്നും നിങ്ങളുടെ ഡാറ്റ ആ കമ്പനിയുടെ സെർവറുകളിലാണ് ഉള്ളതെന്നും നമുക്ക് കരുതാം. ഈ ഡാറ്റ വീണ്ടെടുക്കാനാകുമോ എന്നറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. ഡാറ്റ നിലനിൽക്കുന്ന കാലയളവ് എന്ന വിഷയവുമായും ഇതിന് ബന്ധമുണ്ട്. എന്റെ രക്ഷിതാക്കളുടെ പഴയകാല ഫോട്ടോഗ്രാഫുകൾ നോക്കാൻ എനിക്ക് കഴിയുന്നത് പോലെ എന്റെ കുട്ടികൾക്കും അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ കഴിയണം.

അനലോഗ് ഫോട്ടോകൾക്കുള്ള അതേ ഈട് ഡിജിറ്റൽ ഫോട്ടോകൾക്കും വേണോ?

മിക്‌ലിറ്റ്‌സ്: ഉവ്വ്. വിശാലാർത്ഥത്തിൽ ഇതും ഡാറ്റാ പരിരക്ഷയുടെ ഒരു വീക്ഷണമാണ് – ഞാൻ ഇന്ന് സംഭരിച്ച് വയ്‌ക്കുന്ന ഡാറ്റ 50 വർഷം കഴിഞ്ഞാലും ഉപയോഗിക്കാൻ എനിക്ക് കഴിയുമെന്ന കാര്യം.

ഫോട്ടോഗ്രാഫുകൾ: കോണി മിർബാക്ക്

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക