ഞങ്ങളുടെ സ്വകാര്യതാ, സുരക്ഷാ തത്ത്വങ്ങൾ

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങൾ ഞങ്ങൾ സൃഷ്‌ടിക്കുന്നു. സൗജന്യവും എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുന്നതിനോടൊപ്പമുള്ള ഉത്തരവാദിത്തം കൂടിയാണിത്. സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം സ്വകാര്യതയും വർധിപ്പിക്കേണ്ടത് ആവശ്യമായതിനാലാണിത്. ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യവും സുരക്ഷിതവും പരിരക്ഷിതവുമായി നിലനിർത്തുന്നതിന്, ഞങ്ങളുടെ ആളുകൾ, പ്രോസസുകൾ, ഉൽപ്പന്നങ്ങൾ എന്നിവയെ വഴികാട്ടാൻ ഞങ്ങൾ ഈ തത്ത്വങ്ങൾ കണക്കിലെടുക്കുന്നു.

 1. 1. ഞങ്ങളുടെ ഉപയോക്താക്കളെ ബഹുമാനിക്കുന്നു. അവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നു.

  ഈ ആശയങ്ങൾ വേർപിരിക്കാനാവാത്തവയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യ ദിവസം മുതൽ ഞങ്ങൾ ചെയ്‌ത എല്ലാ കാര്യങ്ങളെയും സ്വാധീനിച്ചതും മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നതുമായ ഒരെയൊരു അടിസ്ഥാന വിശ്വാസത്തെ അവ ഒത്തൊരുമിച്ച് പ്രതിനിധാനം ചെയ്യുന്നു. ആളുകൾ ഞങ്ങളിൽ വിശ്വാസമർപ്പിച്ച്, അവരുടെ വിവരങ്ങൾ നൽകി ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, അവരോട് നീതി പുലർത്തേണ്ടത് ഞങ്ങളുടെ കർത്തവ്യമാണ്. ഞങ്ങൾ എന്ത് ഡാറ്റ ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു, അത് എങ്ങനെ പരിരക്ഷിക്കുന്നു എന്നതിനെ കുറിച്ച് എപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്ന് ഇത് അർത്ഥമാക്കുന്നു.

 2. 2. ഞങ്ങൾ എന്തെല്ലാം ഡാറ്റ ശേഖരിക്കുന്നുവെന്നും അവ എന്തിനാണെന്നും വ്യക്തമാക്കുന്നു.

  Google ഉൽപ്പന്നങ്ങൾ ആളുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് വസ്‌തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ അവരെ സഹായിക്കുന്നതിന്, ഞങ്ങൾ എന്ത് ഡാറ്റ ശേഖരിക്കുന്നു, അത് എങ്ങനെ ഉപയോഗിക്കുന്നു, എന്തിന് ഉപയോഗിക്കുന്നു എന്നിവ മനസിലാക്കാൻ എളുപ്പമുള്ളതാക്കുന്നു. സുതാര്യതയെന്നാൽ, ഈ വിവരങ്ങൾ അനായാസം ലഭ്യമാക്കാനും, മനസ്സിലാക്കാനും നടപടിയെടുക്കാനും സഹായിക്കുക എന്നത് തന്നെയാണ്.

 3. 3. ഞങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരം ഒരിക്കലും ആർക്കും വിൽക്കില്ല.

  തിരയൽ, മാപ്‌സ് പോലുള്ള Google ഉൽപ്പന്നങ്ങൾ പരമാവധി ഉപകാരപ്രദമാക്കാൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു. കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിനും ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾക്ക് പണം കണ്ടെത്താനും അവ എല്ലാവർക്കും സൗജന്യമായി നൽകാനും ഈ പരസ്യങ്ങൾ സഹായിക്കുമെങ്കിലും, ഞങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കേവലം വിൽപ്പനയ്ക്കുള്ളതല്ലെന്ന് വ്യക്തമാക്കേണ്ടതും വളരെ പ്രധാനമാണ്.

 4. 4. ആളുകൾക്ക് അവരുടെ സ്വകാര്യത നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു.

  സ്വകാര്യതയുടെ കാര്യത്തിൽ, ഒരു നിയമം എല്ലായിടത്തും ഒരുപോലെ ബാധകമാവില്ലെന്ന് ഞങ്ങൾക്ക് അറിയാം. എല്ലാ Google അക്കൗണ്ടും ഓൺ/ഓഫ് ഡാറ്റ നിയന്ത്രണങ്ങളോടെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്, അതിനാൽ ഞങ്ങളുടെ ഉപയോക്താക്കൾക്ക് യോജിച്ച സ്വകാര്യതാ ക്രമീകരണം അവർക്ക് തിരഞ്ഞെടുക്കാം. സാങ്കേതികവിദ്യ വളരുന്നതോടൊപ്പം ഞങ്ങളുടെ സ്വകാര്യതാ നിയന്ത്രണങ്ങളും വളരുന്നു, എപ്പോഴും ഉപയോക്താവിൽ നിക്ഷിപ്‌തമായിരിക്കുന്ന വ്യക്തിഗതമായ തീരുമാനമാണ് സ്വകാര്യത എന്ന് ഇത് ഉറപ്പാക്കുന്നു.

 5. 5. ആളുകളുടെ ഡാറ്റ അവലോകനം ചെയ്യാനോ നീക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ അവരെ അധികാരപ്പെടുത്തുന്നു.

  ഞങ്ങളുമായി പങ്കിട്ട വ്യക്തിഗത വിവരങ്ങളിലേക്ക്, ഏത് സമയത്തും എന്തിനുവേണ്ടിയായാലും എല്ലാ ഉപയോക്താക്കൾക്കും ആക്‌സസ് ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ്, ആളുകൾക്ക് അവരുടെ ഡാറ്റ ആക്‌സസ് ചെയ്യുന്നതും അവലോകനം ചെയ്യുന്നതും, ആവശ്യമുണ്ടെങ്കിൽ ഡൗൺലോഡ് ചെയ്‌ത് മറ്റൊരു സേവനത്തിലേക്ക് നീക്കുന്നതും, അല്ലെങ്കിൽ അത് പൂർണ്ണമായി ഇല്ലാതാക്കുന്നതും കൂടുതൽ എളുപ്പമാക്കാനുള്ള പ്രവർത്തനം ഞങ്ങൾ തുടരുന്നത്.

 6. 6. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളിലും ഏറ്റവും ശക്തമായ സുരക്ഷാ സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നു.

  ഞങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കുക എന്നാൽ അവർ വിശ്വസിച്ച് ഏൽപ്പിച്ച ഡാറ്റ പരിരക്ഷിക്കുകയാണ് എന്ന് അർത്ഥമാക്കുന്നു. എല്ലാ Google ഉൽപ്പന്നവും സേവനവും ഉപയോക്താക്കൾക്ക് സുരക്ഷിതമായി നിലനിർത്താൻ, ഞങ്ങൾ ലോകത്തിലെ ഏറ്റവും വിപുലമായ സുരക്ഷാ സംവിധാനങ്ങളിൽ ഒന്ന് നിർമ്മിക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്നു. വളർന്നുവരുന്ന ഓൺലൈൻ ഭീഷണികൾ ഞങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അവ കണ്ടെത്താനും അവയിൽ നിന്ന് ഉപയോക്താക്കളെ പരിരക്ഷിക്കാനും, ഞങ്ങളുടെ അന്തർനിർമ്മിത സുരക്ഷാ സാങ്കേതികവിദ്യകൾ നിരന്തരം ശക്തിപ്പെടുത്തുന്നു എന്ന് ഇത് അർത്ഥമാക്കുന്നു.

 7. 7. ഓൺലൈൻ സുരക്ഷ എല്ലാവർക്കുമായി വളർത്തുന്നതിന് മാതൃകാപരമായി മുന്നിൽ നിന്ന് നയിക്കുന്നു.

  ഉപയോക്താക്കളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുക എന്നത് Google-ൽ അവസാനിക്കുന്നില്ല – അത് മുഴുവൻ ഇന്റർനെറ്റിലേക്കും വ്യാപിക്കുന്നു. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ അധികവും സൃഷ്‌ടിച്ച ആദ്യത്തെ കമ്പനി Google ആയിരുന്നു, എല്ലാവർക്കും ഉപയോഗിക്കാവുന്ന പുതിയ സുരക്ഷാ സാങ്കേതിക വിദ്യകൾ നവീകരിക്കുന്നത് ഞങ്ങൾ തുടരുകയും ചെയ്യുന്നു. ഞങ്ങളുടെ സുരക്ഷാ അറിവുകൾ, അനുഭവങ്ങൾ, ടൂളുകൾ എന്നിവ പങ്കാളികൾക്കും ഓർഗനൈസേഷനുകൾക്കും ലോകമെമ്പാടുമുള്ള എതിരാളികൾക്കുമായി പങ്കിടുന്നു, കാരണം ഇന്റർനെറ്റിലുടനീളമുള്ള സുരക്ഷയ്ക്ക്, വ്യവസായമേഖലയിൽ ആകമാനമുള്ള സഹകരണം ആവശ്യമുണ്ട്.

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.