നിങ്ങൾ നിർമ്മിക്കുന്നതിനോട് ആളുകൾ പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കൽ.

ഉൽപ്പന്നങ്ങളുമായി ആളുകൾ ഇടപഴകുന്നത് എങ്ങനെയാണെന്ന് ഉപയോക്തൃ അനുഭവത്തെ കുറിച്ച് ഗവേഷണം നടത്തുന്നവർ പഠിക്കുന്നു. ഉപയോക്തൃ അനുഭവത്തിലും ഓൺലൈൻ സ്വകാര്യതയിലും ആണ് ആൻ ഡെ ബൂയ്‌ പ്രത്യേക പഠനം നടത്തുന്നത്. സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സ് Google-ന്റെ സ്വകാര്യതാ, സുരക്ഷാ ടീമിലെ എഞ്ചിനീയറിംഗ് ഡയറക്‌ടർ ആണ്, സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമുള്ള ടൂളുകൾ നിർമ്മിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആൻ ഡെ ബൂയ്, ഉപയോക്തൃ അനുഭവത്തെ കുറിച്ചുള്ള Google-ലെ ഗവേഷകൻ എന്ന നിലയിൽ സ്വകാര്യതാ, സുരക്ഷാ ടൂളുകളുമായി ആളുകൾ ഇടപഴകുന്നതിനെ താങ്കൾ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്. എന്താണ് താങ്കൾ മനസ്സിലാക്കിയിട്ടുള്ളത്?

ആൻ ഡെ ബൂയ്, Google UX ഗവേഷണ മാനേജർ: ഇത് വളരെ വ്യക്തമായ കാര്യമാണെന്ന് തോന്നാം, എന്നാൽ ഓൺലൈനിൽ പരിരക്ഷ ലഭിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആളുകൾ ആഗ്രഹിക്കുന്നു. അവരുടെ ഡാറ്റ സ്വകാര്യമായി സൂക്ഷിക്കാൻ അവർ താൽപ്പര്യപ്പെടുന്നു. സമീപ വർഷങ്ങളിലായി ഇന്റർനെറ്റ് വിപുലവും സങ്കീർണ്ണവുമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ എത്ര മാത്രം സുരക്ഷിതരാണെന്നും അവരുടെ ഡാറ്റ ആവശ്യമായ തരത്തിൽ പരിരക്ഷിക്കുന്നുണ്ടോ എന്നും അവർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഇക്കാലത്ത് നമ്മൾ ഇന്റർനെറ്റ് എത്ര മാത്രം ഉപയോഗിക്കുന്നു എന്നതിന്റെയും ഡാറ്റ ചോർത്തുന്നതിനെ കുറിച്ച് നമ്മളെല്ലാം വായിക്കുന്ന വാർത്തകളുടെയും മറ്റും പശ്ചാത്തലത്തിൽ ന്യായമായും ഉന്നയിക്കേണ്ട ചോദ്യങ്ങളാണവ.

സംസാരിക്കുന്നത്: UX ഗവേഷകനായ ആൻ ഡെ ബൂയ്‌ (ഇടത്), സോഫ്റ്റ്‌വെയർ എൻജിനീയറായ സ്‌റ്റെഫാൻ മിക്‌ലിറ്റ്സ് എന്നിവർ

സ്വകാര്യതയുടെയും സുരക്ഷയുടെയും കാര്യത്തിൽ ആളുകൾ ഓൺലൈനിൽ ശരിക്കും എങ്ങനെയാണ് പെരുമാറുന്നത്?

ഡെ ബൂയ്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ആളുകളെ പങ്കെടുപ്പിച്ച് ഞങ്ങൾ പഠനങ്ങൾ നടത്തി, സ്വകാര്യത വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് അവർ എല്ലാവരും ഞങ്ങളോട് പറഞ്ഞത്. ചരിത്രപരമായി, സ്വകാര്യതാ വിവരങ്ങൾ വായിക്കാനോ തങ്ങളുടെ സ്വകാര്യതാ ക്രമീകരണം അഡ്‌ജസ്റ്റ് ചെയ്യാനോ ആളുകൾ അധികം സമയം ചെലവഴിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. പരിചിതമല്ലാത്ത വെബ്‌സൈറ്റുകളിൽ തങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ നൽകാൻ ആളുകൾ അത്ര മടിക്കാറില്ലെന്നാണ് മറ്റ് പഠനങ്ങൾ കാണിക്കുന്നത് – ഉദാഹരണത്തിന് മത്സരത്തിൽ പങ്കെടുക്കുന്നതിന്. അതിനാൽ എങ്ങനെയാണ് ഡാറ്റ ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ നമ്മൾ പൂർണ്ണമായും വ്യക്തത പുലർത്തുന്നുണ്ടെന്നും അവർക്ക് അനുയോജ്യമായ തരത്തിൽ ഓൺലൈൻ അനുഭവം മാനേജ് ചെയ്യുന്നതിന്, ഉപയോഗിക്കാൻ എളുപ്പമുള്ള നിയന്ത്രണങ്ങൾ അവർക്ക് നൽകുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് Google പോലുള്ള കമ്പനികളുടെ ഉത്തരവാദിത്തമാണ്.

"ആളുകൾക്ക് മനസ്സിലാകുന്ന തരത്തിൽ ഇത് അവരോട് വിശദീകരിക്കേണ്ടത് നമ്മുടെ ചുമതലയാണ്."

ആൻ ഡെ ബൂയ്

സ്‌റ്റെഫാൻ മിക്‌ലിറ്റ്സ്, ഡാറ്റാ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനുള്ള ചുമതല വഹിക്കുന്ന ഒരാളെന്ന നിലയിൽ ഇതിൽ നിന്ന് താങ്കൾ എത്തിച്ചേരുന്ന നിഗമനങ്ങൾ എന്തൊക്കെയാണ്?

മിക്‌ലിറ്റ്സ്: ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയിൽ നിയന്ത്രണം നൽകുന്ന സേവനങ്ങൾ തുടർന്നും വികസിപ്പിക്കുക എന്നതാണ് നമ്മൾ ലക്ഷ്യമാക്കേണ്ടത്. പ്രശ്നം സംഭവിക്കുന്നത് വരെ ആളുകൾ ഗൗരവമായി കണക്കിലെടുക്കാത്ത വിഷയങ്ങളാണ് ഡാറ്റാ സ്വകാര്യതയും സുരക്ഷയും – ഉദാഹരണത്തിന്, അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയോ മോശമായ എന്തെങ്കിലും സംഭവിച്ചെന്ന വാർത്ത വായിക്കുകയോ ചെയ്യുന്നത് വരെ. അത്തരം സന്ദർഭങ്ങളിൽ, ആവശ്യമാണെങ്കിൽ ആളുകൾക്ക് അവരുടെ ഓൺലൈൻ ആക്റ്റിവിറ്റി പരിശോധിക്കേണ്ടതും പാസ്‌വേഡുകൾ മാറ്റേണ്ടതും എങ്ങനെയാണെന്ന് അറിയാമെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഡെ ബൂയ്: “എന്റെ Google അക്കൗണ്ട് സ്വകാര്യതാ ക്രമീകരണം ഇപ്പോൾ തന്നെ പരിശോധിക്കുന്നത് നന്നായിരിക്കും” എന്ന് രാവിലെ എഴുന്നേറ്റയുടൻ ആരും ചിന്തിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. ഡാറ്റാ സ്വകാര്യതയും സുരക്ഷയും നമ്മളിൽ ഏറെപ്പേരും അവസാനം പരിഗണിക്കാൻ മാറ്റിവയ്ക്കുന്ന കാര്യങ്ങളിൽപ്പെടുന്നു. അതുകൊണ്ടാണ് സമീപ വർഷങ്ങളിൽ ഞങ്ങൾ ആളുകളെ അവരുടെ ക്രമീകരണം പതിവായി പരിശോധിക്കാൻ പ്രേരിപ്പിച്ച് തുടങ്ങിയത്.

കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ഉൾക്കാഴ്‌ചകൾ ശരിക്കും എങ്ങനെയാണ് താങ്കൾക്ക് ലഭിക്കുന്നത്?

ഡെ ബൂയ്: നിരവധി ഓപ്ഷനുകളുണ്ട്. ആളുകൾ Google അക്കൗണ്ട് പോലുള്ള ആപ്പ് നാവിഗേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് വിശകലനം ചെയ്യാൻ ഓൺലൈൻ സർവേകൾ ഉപയോഗപ്രദമാണ്. അഭിപ്രായങ്ങളും വൈകാരികമായ സമീപനവുമാണ് നിങ്ങൾക്ക് പരിശോധിക്കേണ്ടതെങ്കിൽ വ്യക്തിഗത അഭിമുഖങ്ങളാണ് കൂടുതൽ ഫലപ്രദമാകുക. സാംസ്‌കാരിക വ്യത്യാസങ്ങളെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ ലോകമെമ്പാടും സർവേകൾ നടത്തുന്നു – തെരുവിലും മാർക്കറ്റ് ഗവേഷണ സ്റ്റുഡിയോകളിലും അല്ലെങ്കിൽ ഉപയോക്താക്കളുടെ വീടുകളിൽ പോലും. അവസാനം പറഞ്ഞത് പ്രത്യേകിച്ചും രസകരമാണ്, കാരണം ആളുകൾക്ക് അവരുടെ ഉപകരണങ്ങളിലും ഡാറ്റയിലും ആക്‌സസ് ഉണ്ട്, ഇത് ഉപയോക്തൃ പെരുമാറ്റം കുറേക്കൂടി ആധികാരികമാക്കി മാറ്റുന്നു.

ആൻ ഡെ ബൂയ്‌ (ഇടത്) ഗ്രോണിംഗെൻ സർവകലാശാലയിൽ നിന്ന് എക്സ്പെരിമെന്റൽ സൈക്കോളജിയിൽ MA-യും ഐൻധോവൻ സാങ്കേതിക സർവകലാശാലയിൽ നിന്ന് എൻജിനീയറിംഗിൽ പ്രൊഫഷണൽ ഡോക്‌ടറേറ്റും നേടി. അദ്ദേഹം പറയുന്നു: “ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നുവെന്ന് UX ഗവേഷകർ ഉറപ്പാക്കുന്നു.”

ഞങ്ങൾക്ക് നൽകാൻ എന്തെങ്കിലും ഉദാഹരണങ്ങളുണ്ടോ?

ഡെ ബൂയ്: ഒരിക്കൽ എന്റെ ചില സഹപ്രവർത്തകർ Google അക്കൗണ്ടിനെ കുറിച്ച് സംസാരിക്കാൻ ജപ്പാനിൽ ഒരു സ്ത്രീയെ അവരുടെ വീട്ടിൽ സന്ദർശിച്ചു. അവർക്ക് സേവനം പരിചിതമായിരുന്നില്ല, അവർ അത് തുറന്നപ്പോൾ സഹജവാസനയാൽ അവർ ഞങ്ങൾ കാണാതിരിക്കാൻ മോണിറ്റർ തിരിച്ചുപിടിച്ചു. എന്നാൽ Google അക്കൗണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എങ്ങനെ അവർക്ക് വിവരങ്ങൾ ഇല്ലാതാക്കാനാകുമെന്നും ഡാറ്റ Google ഉപയോഗിക്കുന്നത് എങ്ങനെയായിരിക്കും എന്നത് അവർക്ക് തിരഞ്ഞെടുക്കാമെന്നും അറിഞ്ഞപ്പോൾ അവർ ശരിക്കും അത്ഭുതപ്പെട്ടു.

സ്‌റ്റെഫാൻ മിക്‌ലിറ്റ്സ്, താങ്കളും അത്തരം അഭിമുഖങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ?

മിക്‌ലിറ്റ്സ്: ഉവ്വ്! ഉദാഹരണത്തിന് ഇപ്പോൾ Google അക്കൗണ്ട് എന്നറിയപ്പെടുന്നതിന്റെ പ്രോട്ടോടൈപ്പ് ഞങ്ങൾ നിർമ്മിച്ചുകൊണ്ടിരുന്നപ്പോൾ അത് പരീക്ഷിക്കണമെന്നും ആളുകൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. ആദ്യം പങ്കെടുത്തയാൾ പേജ് തുറന്ന ശേഷം മറ്റൊന്നും ചെയ്യാതെ സ്ക്രീനിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. തുടർന്ന്, രണ്ടാമതായി വന്നയാളും അതുപോലെ തന്നെ പ്രതികരിച്ചു. ഞാൻ കരുതി, “ശരി, ഇത് ഞാൻ വിചാരിച്ചത് പോലെ പ്രയോജനപ്പെടാൻ പോകുന്നില്ല.” ആ ഉപയോക്താക്കൾക്ക് Google ഡാഷ്ബോർഡ് മനസ്സിലായില്ലെന്ന് വ്യക്തമായിരുന്നു.

"UX ഗവേഷണം, വികസിപ്പിക്കൽ പ്രക്രിയയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു."

സ്‌റ്റെഫാൻ മിക്‌ലിറ്റ്സ്

ഇതിന്റെ ഫലമായി ഉപയോക്തൃ ഇന്റർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടോ?

മിക്‌ലിറ്റ്സ്: നിരവധി തവണ! ആളുകൾക്ക് അവസാനം ഉൽപ്പന്നം എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതും മനസ്സിലാക്കാനാകുന്നതും ആയിത്തീരുന്നത് വരെ ഞങ്ങൾ മാറ്റം വരുത്തിക്കൊണ്ടിരുന്നു.

അപ്പോൾ UX ഗവേഷണം ശരിക്കും സേവനങ്ങൾ മെച്ചപ്പെടുത്താൻ താങ്കളെ സഹായിച്ചിട്ടുണ്ട്, അല്ലെ?

മിക്‌ലിറ്റ്സ്: വികസിപ്പിക്കുന്ന പ്രക്രിയയിൽ ഇത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അത്തരത്തിലാണ് കാര്യങ്ങൾ, ഉദാഹരണത്തിന്, ഇപ്പോൾ Google അക്കൗണ്ടിന്റെ ഭാഗമായ നിഷ്‌ക്രിയ അക്കൗണ്ട് മാനേജറിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ. ഉപയോക്താവ് ഒരു നിർദ്ദിഷ്ട കാലയളവിൽ നിഷ്‌ക്രിയരായിരുന്നാൽ അവരുടെ ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ ഉൽപ്പന്നം പൂർണ്ണമായും പുതിയതായിരുന്നു; നമ്മുടെ എതിരാളികളിലാരും ഇതുപോലുള്ള എന്തെങ്കിലുമൊന്ന് മുമ്പ് അവതരിപ്പിച്ചിരുന്നില്ല. അതിനാൽ ഞങ്ങൾ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും അത് പരീക്ഷിക്കുകയും ചെയ്തു, തുടർന്ന് രണ്ടാമത്തെ പ്രോട്ടോടൈപ്പ് നിർമ്മിച്ചു. നമ്മുടെ ഉപയോക്താക്കൾ മികച്ച രീതിയിൽ സ്വീകരിച്ച ഉൽപ്പന്നം വികസിപ്പിച്ചെടുക്കുന്നത് വരെ ഞങ്ങൾക്ക് ആ പ്രക്രിയ നിരവധി പ്രാവശ്യം തുടരേണ്ടതായി വന്നു.

താങ്കളുടെ ഗവേഷണം പ്രധാനപ്പെട്ട മാറ്റങ്ങൾക്ക് കാരണമാകുമ്പോൾ അത് വളരെയേറെ സംതൃപ്തി നൽകുന്നുണ്ടാകണം.

ഡെ ബൂയ്: ഈ ജോലിയെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യം അതാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുകയാണ്.

ഫോട്ടോഗ്രാഫുകൾ: കോണി മിർബാക്ക്

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക