ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.

നിങ്ങളുടെ ഓൺലൈൻ ഡാറ്റയെ കുറിച്ച് അറിയേണ്ടതെല്ലാം: അതിന്റെ ഉറവിടം, ആർക്കൊക്കെ അതിലേക്ക് ആക്‌സസ് ഉണ്ട്, അത് സംരക്ഷിക്കുന്നതിനുള്ള മികച്ച രീതി ഏതാണ്. വിദഗ്‌ധരിൽ നിന്നുള്ള ചില ഉത്തരങ്ങൾ

എന്റെ വിവരങ്ങളിൽ ചിലത് പങ്കിടുന്നത് എനിക്ക് നിയന്ത്രിക്കാനാകുമോ?

മിഖായേൽ ലിറ്റ്‌ഗർ, ജർമ്മൻ ഇന്റർനെറ്റ് സുരക്ഷാ സംരംഭം Deutschland sicher im Netz (DsiN)-ന്റെ മാനേജിംഗ് ഡയറക്‌ടർ: “ഏത് ഡാറ്റ നൽകണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്നാൽ. വെബ് ബ്രൗസ് ചെയ്യാൻ തുടങ്ങുമ്പോൾ സൃഷ്ടിക്കുന്ന സാങ്കേതിക ഡാറ്റയിൽ എനിക്ക് പരിമിതമായ സ്വാധീനമേ ഉള്ളൂ. എനിക്ക് കുക്കികൾ നിരസിക്കാനോ ഇല്ലാതാക്കാനോ കഴിയും. ഉചിതമായ പ്രോഗ്രാമുകൾ ഉപയോഗിച്ച് എന്റെ IP വിലാസം താരതമ്യേന എളുപ്പത്തിൽ മറയ്‌ക്കാനാകും. സജീവമാക്കാനുള്ള കമാൻഡിനായി കാത്തിരിക്കുമ്പോൾ എന്റെ സ്വീകരണ മുറിയിലെ സ്‌മാർട്ട് സ്‌പീക്കർ ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ താൽപ്പര്യമില്ലെങ്കിൽ, എനിക്കത് എപ്പോഴും ഓഫാക്കാനുള്ള ഓപ്ഷനുണ്ട്.”

ആർക്കാണ് എന്റെ ഡാറ്റയിൽ താൽപ്പര്യമുള്ളത്, എന്തുകൊണ്ടാണത്?

മിഖായേൽ ലിറ്റ്‌ഗർ, DsiN: “കമ്പനികൾക്ക് ഉപയോക്തൃ ഡാറ്റ വളരെ വിലപ്പെട്ടതാണ്. ഉപയോക്താക്കൾ അവരുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സൃഷ്ടിക്കുന്ന ഡാറ്റ അവർ ശേഖരിക്കുന്നു, ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താനോ ടാർഗറ്റ് ചെയ്ത പരസ്യങ്ങൾ കൂടുതൽ സൃഷ്ടിക്കാനോ ഈ ഡാറ്റ ഉപയോഗിക്കും. നിർഭാഗ്യവശാൽ, സൈബർ കുറ്റവാളികൾക്കും ഉപയോക്തൃ ഡാറ്റയിൽ താൽപ്പര്യമുണ്ട്, വ്യക്തികളെ ഭീഷണിപ്പെടുത്താനോ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനോ അവർ അത് ഉപയോഗിച്ചേക്കാം. പൊലീസിനെ പോലുള്ള നിയമ നിർവ്വഹണ സംവിധാനങ്ങളും വ്യക്തിപരമായ ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. അന്വേഷണത്തിന്റെ ഭാഗമായി വ്യക്തിയുടെ ബ്രൗസർ ചരിത്രം അഭ്യർത്ഥിക്കാം – എന്നാൽ കോടതി ഉത്തരവോടെ മാത്രമേ ഇത് സാധ്യമാകൂ.”

കുറ്റവാളികൾക്ക് എന്റെ വിവരങ്ങൾ എങ്ങനെ ആക്‌സസ് ചെയ്യാനാകും?

സ്റ്റെഫാൻ മിക്‌ലിറ്റ്‌സ്, Google-ന്റെ സ്വകാര്യതാ, സുരക്ഷാ ടീമിലെ എഞ്ചിനീയറിംഗ് ഡയറക്‌ടർ: “ഫിഷിംഗും ഹാക്കിംഗുമാണ് നിയമവിരുദ്ധമായി ഉപയോക്തൃ ഡാറ്റ നേടാൻ പൊതുവായി ഉപയോഗിക്കുന്ന രണ്ട് രീതികൾ. ഉപയോക്താക്കളെ കബളിപ്പിച്ച് സ്വയമേവ ഡാറ്റ നൽകാൻ പ്രേരിപ്പിക്കുന്ന രീതിയാണ് ഫിഷിംഗ് – ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വിവരങ്ങൾ വിശ്വാസത്തോടെ നൽകാനാകുന്ന തരത്തിൽ വ്യാജ ബാങ്കിംഗ് വെബ്‌സൈറ്റ് സൃഷ്ടിക്കുന്നത്. മാൽവെയർ ഉപയോഗിച്ച് അക്കൗണ്ട് അപഹരിക്കുന്ന രീതിയാണ് ഹാക്കിംഗ്. ഈ രണ്ട് രീതികളുടെ മിശ്രണമായിരിക്കും സൈബർ കുറ്റവാളികൾ പൊതുവായി ഉപയോഗിക്കുക.”

സഹായിക്കൂ, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു! ഞാൻ എന്താണ് ചെയ്യേണ്ടത്?

മിഖായേൽ ലിറ്റ്‌ഗർ, DsiN: “ആദ്യം, ഞാൻ അക്കൗണ്ട് ദാതാവിനെ ബന്ധപ്പെട്ട് എന്റെ പാസ്‌വേഡ് മാറ്റും. ബാങ്ക് അക്കൗണ്ടുകൾ പോലെ, വളരെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട അക്കൗണ്ടുകളുടെ കാര്യത്തിൽ താൽക്കാലിക ബ്ലോക്ക് ബാധകമാക്കുന്നതും ബുദ്ധിപരമായ ഓപ്ഷനാണ്. അക്കൗണ്ട് എളുപ്പത്തിൽ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന്, കമ്പനിക്ക് നിങ്ങളെ ബന്ധപ്പെടാൻ ഉപയോഗിക്കാവുന്ന ഇതര ഇമെയിൽ വിലാസമോ ഫോൺ നമ്പറോ നൽകുക. അക്കൗണ്ട് വീണ്ടെടുത്തതിന് ശേഷം, ചില ടൂളുകൾ ഉപയോഗിച്ച് ഞാൻ നാശനഷ്ടം പരിശോധിക്കും. പൊലീസിനെ സമീപിച്ച് റിപ്പോർട്ടും ഫയൽ ചെയ്യും – എല്ലാത്തിനുമുപരി ഞാനൊരു കുറ്റകൃത്യത്തിന്റെ ഇരയാണ്.”

സ്‌മാർട്ട്ഫോണിലാണോ PC-യിലാണോ എനിക്ക് ആക്രമണം നേരിടാൻ കൂടുതൽ സാധ്യതയുള്ളത്?

മാർക്ക് റിഷർ, Google-ലെ ഇന്റർനെറ്റ് സുരക്ഷയ്‌ക്കുള്ള ഉൽപ്പന്ന മാനേജ്‌മെന്റ് ഡയറക്‌ടർ: “മുമ്പ് PC-കളിൽ പ്രശ്നങ്ങൾക്കിടയാക്കിയ മിക്ക ഭീഷണികളിൽ നിന്നുമുള്ള ബിൽറ്റ് ഇൻ പരിരക്ഷ സ്‌മാർട്ട്‌ഫോണുകളിലുണ്ട്. സ്‌മാർട്ട്‌ഫോണുകൾക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വികസിപ്പിക്കുമ്പോൾ Google പോലുള്ള കമ്പനികൾ മുൻകാല അനുഭവത്തിൽ നിന്ന് പാഠമുൾക്കൊള്ളാറുണ്ട്. എന്നിരുന്നാലും, ഉപയോക്താക്കൾ എപ്പോഴും സ്ക്രീൻ ലോക്ക് സജീവമാക്കണമെന്ന് ഞാൻ ശക്തമായി നിർദ്ദേശിക്കുന്നു. മിക്ക ആളുകളും സ്‌മാർട്ട്ഫോണുകളില്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല, അതിനാൽ മോഷ്ടാക്കൾക്ക് അവരെ എളുപ്പത്തിൽ ലക്ഷ്യം വയ്ക്കാനാകുന്നു.”

എന്റെ പാസ്‌വേഡ് എത്രമാത്രം സങ്കീർണ്ണമായിരിക്കണം?

മിഖായേൽ ലിറ്റ്‌ഗർ, DsiN: “നിങ്ങൾക്ക് നിഘണ്ടുവിൽ കണ്ടെത്താനാകുന്ന വാക്ക് ആയിരിക്കരുത് ശക്തമായ പാസ്‌വേഡ്, അത് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും പ്രത്യേക അക്ഷരങ്ങളുടെയും മിശ്രണമായിരിക്കണം. ശക്തവും എളുപ്പത്തിൽ ഓർമ്മിക്കാവുന്നതുമായ പാസ്‌വേഡുകൾ സൃഷ്ടിക്കുന്നതിനുള്ള ലളിതമായ വിദ്യകൾ ഞങ്ങളുടെ പരിശീലന കോഴ്‌സുകളിൽ പങ്കെടുക്കുന്നവരെ ഞങ്ങൾ പഠിപ്പിക്കുന്നു. ഒരു അടിസ്ഥാന രീതി ഇതാണ്: ‘എന്റെ സുഹൃത്ത് വാൾട്ടർ ജനിച്ചത് 1996-ലാണ്!’ എന്നത് പോലുള്ള ഒരു വാചകം ഞാൻ ചിന്തിക്കുന്നു, തുടർന്ന് അതിലെ ആദ്യത്തെ എല്ലാ അക്ഷരങ്ങളും അക്കങ്ങളും ഒന്നിച്ച് ചേർക്കുന്നു: MbWwbi1996! മൂന്ന് വാക്കുകളുടെ നിയമം എന്ന് ഞങ്ങൾ വിളിക്കുന്ന രീതിയാണ് മറ്റൊന്ന്: എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവത്തെ സംഗ്രഹിക്കുന്ന മൂന്ന് വാക്കുകൾ ഞാൻ ചിന്തിക്കുന്നു. ഉദാഹരണത്തിന്, 1994-ലെ കാർണിവലിനിടെ ഭാര്യയെ കണ്ടുമുട്ടിയ വ്യക്തിയുടെ പാസ്‌വേഡ് ‘MrsCarnival1994’ എന്നായിരിക്കും.”

പാസ്‌വേഡ് മാനേജർ എത്രമാത്രം ഉപയോഗപ്രദമാണ്?

ടാഡെക് പിയട്രസെക്, ഉപയോക്തൃ അക്കൗണ്ട് സുരക്ഷയ്‌ക്കുള്ള പ്രധാന സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ: “ഒരേസമയം നിരവധി പാസ്‌വേഡുകൾ ഓർമ്മിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ മിക്ക ആളുകളും ഒന്നിലധികം അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡുകൾ ഉപയോഗിക്കുന്നു. അതിനാൽ, അറ്റാക്കർമാർ ഈ പാസ്‌വേഡ് അറിഞ്ഞാൽ മറ്റ് നിരവധി അക്കൗണ്ടുകളും ഉടൻ അപഹരിക്കപ്പെടും. അതിനാലാണ് പാസ്‌വേഡുകൾ ആവർത്തിച്ച് ഉപയോഗിക്കരുതെന്ന് ഞങ്ങൾ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നത്. വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവർ നിർമ്മിച്ച വെബ്‌സൈറ്റിൽ ഉപയോക്താക്കൾ അബദ്ധത്തിൽ പാസ്‌വേഡുകൾ നൽകുന്നതും പതിവാണ് – പ്രത്യേകിച്ചും ഈ പാസ്‌വേഡാണ് അവർ പതിവായി ഉപയോഗിക്കുന്നതെങ്കിൽ. ഈ രണ്ട് പ്രശ്നങ്ങളും പാസ്‌വേഡ് മാനേജർ പരിഹരിക്കുന്നു. ആദ്യം, നിങ്ങളുടെ പാസ്‌വേഡുകൾ ഓർമ്മിക്കേണ്ടതിന്റെ ആവശ്യകത അത് നീക്കം ചെയ്യുന്നു, അതിനാൽ നിങ്ങൾക്ക് അവ വീണ്ടും ഉപയോഗിക്കാൻ തോന്നില്ല. രണ്ടാമതായി, അക്കൗണ്ടുകൾക്ക് അനുയോജ്യമായ പാസ്‌വേഡുകൾ മാത്രമേ പാസ്‌വേഡ് മാനേജർ ഉപയോഗിക്കൂ, മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി അത് വഞ്ചനാപരമായ സൈറ്റുകളുടെ കെണിയിൽ വീഴില്ല. എന്നിരുന്നാലും, ആധികാരികമായ കമ്പനികളിൽ നിന്നുള്ള പാസ്‌വേഡ് മാനേജർ മാത്രം ഉപയോഗിക്കുകയെന്നത് പ്രധാനമാണ് – ഉദാഹരണത്തിന് Dashlane, Keeper പാസ്‌വേഡ് മാനേജർ അല്ലെങ്കിൽ Google-ന്റെ Chrome ബ്രൗസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാസ്‌വേഡ് മാനേജർ.”

കലാസൃഷ്ടി: ജാൻ വോൺ ഹൊലെബെൻ; ചിത്രീകരണങ്ങൾ: DsiN/തോമസ് റഫാൽസിക്, കോണി മിർബാഹ് (3)

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക