Google-ലെ സബീൻ ബോർസെയും ഡേവിഡ് റോജറുമാണ് Chrome ബ്രൗസർ വികസിപ്പിക്കുന്നത്

Chrome-ലെ നിങ്ങളുടേതായ ഇടം

യഥാർത്ഥ ജീവിതത്തിലെ ഉപയോഗം Chrome ബ്രൗസറിന്റെ നവീകരണത്തിന് പ്രചോദനം നൽകിയത് എങ്ങനെ. Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിലെ സബീൻ ബോർസെയും ഡേവിഡ് റോജറും, പുതിയ Chrome പ്രൊഫെെലുകളുടെ ഫീച്ചർ വികസിപ്പിക്കാൻ തങ്ങൾ കെെക്കൊണ്ട സഹകരണ ശ്രമങ്ങൾ വിവരിക്കുന്നു.

പുതിയ Chrome പ്രൊഫെെലിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

“പങ്കിട്ട ഒരു കമ്പ്യൂട്ടറിൽ എന്റെ മുഴുവൻ കുടുംബവും Chrome ബ്രൗസർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി,” പാരീസിലെ Google-ൽ സോഫ്‌റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന ഡേവിഡ് റോജർ വിശദീകരിക്കുന്നു. “ചിലപ്പോഴെല്ലാം ഒരേ സമയം 50 വെബ്‌സെെറ്റുകൾ വരെ ഞങ്ങൾ തുറക്കാറുണ്ട്. ഉദാഹരണത്തിന്, ഞാൻ അടുത്തിടെ കണ്ട ഒരു YouTube വീഡിയോ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, തിരയൽ ചരിത്രത്തിൽ Minecraft വീഡിയോ ക്ലിപ്പുകളും എനിക്ക് കാണാം – ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കും.” ഈ പ്രശ്‌നം അനുഭവിക്കുന്ന ഏക വ്യക്തി ഡേവിഡ് ആകാൻ ഒരു സാധ്യതയുമില്ല. കുടുംബങ്ങൾ ഒരേ കമ്പ്യൂട്ടറും Chrome ബ്രൗസറും പങ്കിടുന്നത് വളരെ സാധാരണമാണ്. പ്രത്യേകിച്ച് കൊറോണാ കാലത്ത് ഇത് സർവ്വസാധാരണമാണ്. രക്ഷിതാക്കളും കുട്ടികളെ പരിചരിക്കുന്നവരും അവരുടെ കുട്ടികളുമെല്ലാം ഒരേ സമയത്ത് തന്നെ വായിക്കുകയും ഗവേഷണം നടത്തുകയും വിനോദത്തിന്റെ ഉറവിടങ്ങൾ തിരയുകയും ചെയ്യുന്നു. വ്യക്തിപരമായ ക്രമീകരണം നഷ്‌ടപ്പെടുമ്പോഴോ തിരയൽ ചരിത്രങ്ങൾ കൂടിക്കലരുമ്പോഴോ ആശയക്കുഴപ്പം ഉണ്ടായേക്കാം.

ഡേവിഡ് റോജർ ജോലി ചെയ്യുന്നത് പാരീസിലെ Google-ലാണ്

“ഉൽപ്പന്നവുമായി അടുപ്പമുള്ള ആളുകളിൽ നിന്നാണ് പലപ്പോഴും ആശയങ്ങൾ വരുന്നത്.”

ഡേവിഡ് റോജർ, സോഫ്‌റ്റ്‌വെയർ ഡെവലപ്പർ.

ഡേവിഡ് റോജർ പറയുന്നതെന്തെന്ന് സബീൻ ബോർസെയ്‌ക്ക് കൃത്യമായി അറിയാം. സ്വകാര്യതയ്‌ക്കും ഇന്റർനെറ്റ് സുരക്ഷയ്‌ക്കുമുള്ള മ്യൂണിക്കിലെ Google-ന്റെ ഗ്ലോബൽ ഡെവലപ്പ്‌മെന്റ് കേന്ദ്രത്തിൽ, Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിലെ (GSEC) ഉൽപ്പന്ന മാനേജറാണ് അവർ. ആവേശകരമായ ഒരു കൂട്ടം വെല്ലുവിളികൾ നേരിടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ക്രോസ്-ഫംഗ്‌ഷണൽ ടീമുകളെ അനുവദിക്കുന്നതിന് GSEC സംഘടിപ്പിക്കുന്ന Tech Days-ലൊന്നിലാണ് അവർ ഈ പ്രത്യേക പ്രശ്‌നം അവതരിപ്പിച്ചത്. വ്യക്തിപരമായ Chrome പ്രൊഫെെലുകൾ സൃഷ്‌ടിക്കുകയെന്ന ആശയം ജനിച്ചത് ഈ ദിവസങ്ങളിലൊന്നിലായിരുന്നു. ഈ ഫീച്ചർ ഇപ്പോൾ Chrome-ൽ ലഭ്യമാണ്, ബ്രൗസർ തുറക്കുമ്പോഴെല്ലാം തിരഞ്ഞെടുക്കാവുന്ന വ്യക്തിപരമായ പ്രൊഫൈൽ സൃഷ്‌ടിക്കാൻ എല്ലാ ഉപയോക്താക്കളെയും ഇത് അനുവദിക്കുന്നു. ഉദാഹരണത്തിന്, പശ്ചാത്തല നിറങ്ങൾ മാറ്റാനും ബുക്ക്‌മാർക്കുകളും പാസ്‌വേഡുകളും വ്യക്തിഗതമായി ഓർഗനെെസ് ചെയ്യാനും സംരക്ഷിക്കാനും നിങ്ങൾക്കാകും.

പ്രാരംഭഘട്ടത്തിലെ ആശയം മുതൽ അന്തിമമായ നടപ്പാക്കൽ വരെയുള്ള, Chrome പ്രൊഫെെലുകൾ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ ആഴത്തിൽ പരിശോധിക്കുന്നത് രസകരമാണ്. സബീൻ ബോർസെയിയെപ്പോലുള്ള ഉൽപ്പന്ന മാനേജർമാർ Chrome ബ്രൗസർ പോലുള്ള നിർദ്ദിഷ്‌ട ആപ്പ് വികസിപ്പിക്കുന്നതിനായി ഓരോ ദിവസവും ചെലവഴിക്കുന്നു. “അടുത്ത ഏതാനും വർഷങ്ങളിൽ Chrome എങ്ങനെ വികസിക്കണമെന്ന് ആലോചിക്കുകയാണ് ഞങ്ങൾ.” ഏത് തരം പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടതെന്നും പരിഹാരങ്ങൾ സംയോജിപ്പിക്കേണ്ടത് എങ്ങനെയായിരിക്കണമെന്നും ഞങ്ങൾ ചിന്തിക്കുന്നു,” സബീൻ വിവരിക്കുന്നു. “നമ്മുടെ മിക്ക ജോലികളും നമ്മുടെ സ്വന്തം ജീവിതത്തിൽ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്,” ഡേവിഡ് റോജർ അംഗീകരിക്കുന്നു. “Google-ലെ നമ്മുടെ പല പ്രോജക്‌റ്റുകളും ഈ രീതിയിലാണ് ആരംഭിക്കുന്നത്, ഉൽപ്പന്നവുമായി അടുപ്പമുള്ളവരിൽ നിന്നാണ് പലപ്പോഴും ആശയങ്ങൾ ഉരുത്തിരിഞ്ഞ് വരുന്നത്.”

Chrome പ്രൊഫെെലുകളിൽ പ്രവർത്തിക്കാൻ സബീനിന് അനുമതി ലഭിച്ചപ്പോൾ, ഉപയോക്തൃ അനുഭവവുമായി ബന്ധപ്പെട്ട വിദഗ്‌ദ്ധരും ഡേവിഡ് റോജറിന്റെ ടീമിൽ നിന്നുള്ള ഡെവലപ്പർമാരും ഉൾപ്പെടെ വ്യത്യസ്‌ത ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള പത്ത് പേരുടെ ഒരു ടീം അവർ സൃഷ്‌ടിച്ചു. പത്ത് വർഷത്തിലധികമായി Chrome വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഡേവിഡ്, ഉപയോക്തൃ ഇന്റർഫേസ് രൂപകൽപ്പന ഉൾപ്പെടെയുള്ള വ്യത്യസ്‌ത പ്രോജക്‌റ്റുകളിലും സജീവമാണ്. Chrome പ്രൊഫെെലുകളുടെ പ്രോട്ടോടെെപ്പ് അദ്ദേഹത്തിന്റെ ടീം സൃഷ്‌ടിച്ചു, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഉപയോക്തൃ ഗ്രൂപ്പാണ് അത് പരീക്ഷിച്ചത്.

ജോലിസ്ഥലത്തോ മറ്റ് ഉപയോക്താക്കൾക്കൊപ്പമോ സ്വകാര്യമായി Chrome ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകളെ തിരിച്ചറിയാൻ, ഉപയോക്തൃ ഗവേഷണവുമായി ബന്ധപ്പെട്ട വിദഗ്‌ദ്ധർക്കൊപ്പം ഇതിനിടയിൽ സബീൻ പ്രവർത്തിച്ചു. “ഈ ആളുകളുടെ അനുഭവങ്ങളെക്കുറിച്ച് അവരുമായി നേരിട്ട് അഭിമുഖം നടത്തിയതിന് പുറമെ, രണ്ട് മാസം അവർ Chrome പ്രൊഫെെലുകൾ ഉപയോഗിച്ചത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഡയറിയിൽ വിശദമായി എഴുതാനും അവരോട് ഞങ്ങൾ ആവശ്യപ്പെട്ടു.” ആപ്ലിക്കേഷനിൽ മനസ്സിലാകാത്ത ഭാഗങ്ങൾ എത്തിയപ്പോൾ ഉപയോക്താക്കൾ എന്താണ് ചെയ്‌തതെന്നും പ്രൊഫെെൽ ടീം അവരോട് ചോദിച്ചു.

Google ഉൽപ്പന്ന മാനേജറായ സബീൻ ബോർസെയ്

“അടുത്ത ഏതാനും വർഷങ്ങളിൽ Chrome എങ്ങനെ വികസിപ്പിക്കണമെന്ന് ആലോചിക്കുകയാണ് ഞങ്ങൾ.”

സബീൻ ബോർസെയ്, ഉൽപ്പന്ന മാനേജർ

Chrome ബീറ്റ ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ പാരീസിൽ വെച്ച് ഡേവിഡ് വിശകലനം ചെയ്‌തു. Chrome ബീറ്റയുടെ ഉപയോക്താക്കൾക്ക്, മറ്റ് ഉപയോക്താക്കൾക്ക് മുമ്പ് പുതിയ ഫീച്ചറുകൾ പരീക്ഷിച്ച് നോക്കാൻ അനുവാദമുണ്ട്, ഉൽപ്പന്നം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി Google-ന് ഉപയോഗ ഡാറ്റ സമർപ്പിക്കാൻ അവർക്ക് അംഗീകരിക്കാം. ആയിരക്കണക്കിന് Chrome ബീറ്റ ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ Chrome പ്രൊഫെെലുകൾ വികസിപ്പിക്കാൻ സഹായിച്ചു. ഉദാഹരണത്തിന്, ചിലർക്ക് നിർദ്ദിഷ്‌ട ബട്ടണിൽ ക്ലിക്ക് ചെയ്യാനായില്ല, മറ്റുചിലർക്ക് വിശദീകരണ ടെക്‌സ്‌റ്റിന്റെ ഒരു ഭാഗം മനസ്സിലാക്കാനായില്ല. ഇത്തരം ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി ഉൽപ്പന്നത്തിൽ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും വരുത്താമെന്ന് ഡേവിഡ് വിശദീകരിക്കുന്നു, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുമ്പോൾ ആവർത്തിച്ചുള്ള പ്രവർത്തന രീതി പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഉപയോക്താക്കൾക്ക് പ്രോട്ടോടെെപ്പിലേക്ക് ആക്‌സസ് ലഭിക്കും, ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അവർക്ക് ഫീഡ്‌ബാക്ക് നൽകാം. തുടർന്ന് ഡെവലപ്പർമാർ ഉൽപ്പന്നം പരിഷ്‌ക്കരിക്കുകയും വീണ്ടും പരിശോധിക്കാനായി അത് സമർപ്പിക്കുകയും ചെയ്യും.

ആരംഭിക്കുന്ന സമയത്ത് Chrome-ന് വേഗത കുറയുന്നു എന്നത് പോലുള്ള നിർദ്ദിഷ്‌ട പ്രശ്‌നങ്ങൾ പരിശോധനാവേളയിൽ ഫ്ലാഗ് ചെയ്‌തു. ഒരു ഹാക്കത്തോണിനായി തന്റെ ഡെവലപ്പർമാരെ വിളിച്ച് കൂട്ടാൻ ഇത് ഡേവിഡിനെ പ്രേരിപ്പിച്ചു. “ബ്രൗസറിന്റെ വേഗത വീണ്ടും വർദ്ധിപ്പിക്കുന്നതിന് ഒരാഴ്‌ച മുഴുവൻ ഞങ്ങളുടെ മുഴുവൻ ഊർജ്ജവും ചെലവഴിച്ചു.” സാധ്യമായ നിരവധി രീതികൾ ടീം പരീക്ഷിച്ച് നോക്കി. “വ്യത്യസ്‌തമായ നിരവധി സാങ്കേതികവിദ്യകൾ ഞങ്ങൾ അവസാനം തിരിച്ചറിഞ്ഞു, മ്യൂണിക്കിലെ സഹപ്രവർത്തകർക്ക് അവ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു,” ഡേവിഡ് തുടരുന്നു.

ഡേവിഡ് റോജറിന്റെ സ്‌മാർട്ട്‌ഫോണിൽ പുതിയ Chrome പ്രൊഫെെലുകൾ കാണിക്കുന്നത് ഇങ്ങനെയാണ്

ഓരോ ഉപയോക്താവിനും Chrome ബ്രൗസറിൽ വ്യക്തിപരമായ പ്രൊഫെെൽ സൃഷ്‌ടിക്കാം. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായ ഡേവിഡ് റോജർ, ഉൽപ്പന്ന മാനേജറായ സബീൻ ബോർസെയുമായി താൻ നടത്തിയ സഹകരണത്തിന്റെ ഫലങ്ങൾ കാണിക്കുന്നു.

പ്രോജക്‌റ്റിന്റെ ഈ ഘട്ടവുമായി ബന്ധപ്പെട്ട രസമുള്ള ഓർമ്മകൾ സബീനിനുണ്ട്. “ഞങ്ങൾ ഒരു സ്‌റ്റാർട്ടപ്പിനെ പോലെ പ്രവർത്തിക്കുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ഞങ്ങൾ കുറേ കാര്യങ്ങൾ പരീക്ഷിച്ച് നോക്കും, എല്ലാ ദിവസവും പരസ്‌പരം സംസാരിക്കുകയും ഏറ്റവും മികച്ച പരിഹാരം ലക്ഷ്യമിടുകയും ചെയ്യും.” വ്യത്യസ്‌ത Chrome പ്രൊഫെെലുകൾ ഉപയോഗിക്കാനുള്ള സൗകര്യം അടുത്തിടെ നിലവിൽ വന്നുവെങ്കിലും സബീൻ ബോർസെയും ഡേവിഡ് റോജറും നയിക്കുന്ന ടീമിന് ഇനിയും വളരെ ദൂരം മുന്നോട്ട് പോകാനുണ്ട്. നിലവിൽ വ്യക്തിപരമായ Chrome പ്രൊഫെെലുകൾ സ്വന്തമായുള്ള ഡേവിഡിന്റെ കുടുംബത്തിൽ നിന്നുൾപ്പെടെയുള്ള, മെച്ചപ്പെടാനുള്ള ഫീഡ്‌ബാക്കും നിർദ്ദേശങ്ങളും ഉപയോഗിച്ച് ഉൽപ്പന്നം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് അവർ.

ഫോട്ടോകൾ: സ്‌റ്റെഫാനി ഫുസെ‌നീഷ് (4), ഫ്ലോറിയൻ ജെനറോറ്റ്‌സ്‌കി (3).

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക