എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതയും സുരക്ഷയും സൃഷ്ടിക്കുന്നു

സ്വകാര്യതാ, സുരക്ഷാ എഞ്ചിനീയറിംഗിനുള്ള ആഗോള ഹബ് ആണ് മ്യൂണിക്കിലെ Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രം. Google അതിന്റെ ഉൽപ്പന്നങ്ങളിൽ സുതാര്യതയും നിയന്ത്രണവും സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് എഞ്ചിനീയർമാരായ വീലൻഡ് ഹോൾഫെഡറും സ്റ്റെഫാൻ മിക്‌ലിറ്റ്സും വിശദീകരിക്കുന്നു.

Google-ലെ പുതിയ ജോലിക്കുള്ള ഔദ്യോഗിക കത്ത് ലഭിക്കുമ്പോൾ വീലൻഡ് ഹോൾഫെഡർ യുഎസിൽ താമസിക്കുകയായിരുന്നു. ജർമ്മനിയിൽ നിന്ന് സിലിക്കൺ വാലിയിലേക്ക് താമസം മാറിയ ഹോൾഫെഡർ Mercedes-Benz ഉൾപ്പെടെയുള്ള കമ്പനികളിൽ 12 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. 2008-ൽ എല്ലാം മാറി. ഹോൾഫെഡറിന് ലഭിച്ച പുതിയ ജോലിയെയും സ്ഥാപനത്തെയും കുറിച്ച് അമേരിക്കയിലുള്ള സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ആവേശഭരിതരായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജോലിസ്ഥലം കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആയിരുന്നില്ല – അത് ജർമ്മനിയിലെ മ്യൂണിക്ക് ആയിരുന്നു. ആ വാർത്ത അത്ര താൽപ്പര്യത്തോടെയല്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സ്വീകരിച്ചത്. അഭിനന്ദനമറിയിച്ചുള്ള സാധാരണ സന്ദേശങ്ങൾക്ക് പുറമെ, “Google” എന്ന് പരാമർശിക്കുമ്പോഴെല്ലാം ജർമ്മൻ സുഹൃത്തുക്കളിൽ നിന്ന് തണുപ്പൻ പ്രതികരണവും ചോദ്യങ്ങളും നേരിടേണ്ടി വന്നു. എന്നാൽ ഡാറ്റയുടെ കാര്യത്തിൽ യൂറോപ്യന്മാർ – പ്രത്യേകിച്ച് ജർമ്മനിയിലുള്ളവർ – എത്രമാത്രം സെൻസിറ്റീവ് ആണെന്ന് ഹോൾഫെഡറിന് അറിയാമായിരുന്നു.

Google-ന്റെ എഞ്ചിനീയറിംഗ് കേന്ദ്രത്തിന്റെ സൈറ്റ് തലവനായ ഹോൾഫെഡർ, മ്യൂണിക്ക് ഓഫീസിലെ കാന്റീനിൽ ഇരിക്കുന്നു, മനോഹരമായ അലങ്കാരവും ഫ്ലോർ മുതൽ സീലിംഗ് വരെ ജനാലകളാൽ നിറഞ്ഞതുമായ കാന്റീൻ, റെസ്റ്റോറന്റ് പോലെ തന്നെയാണ്. കാന്റീനിൽ നിന്ന് കേൾക്കുന്ന സംഭാഷണ ശകലങ്ങളിൽ നിന്ന് മ്യൂണിക്കിലെ “Googler-മാർ” ആശയവിനിമയം നടത്താനുപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണെന്ന് വ്യക്തമാണ്. സിലിക്കൺ വാലിയിൽ നിന്നുള്ള സ്വാധീനം അവിടെ തീരുന്നില്ല – 2016-ൽ തുറന്നുപ്രവർത്തിച്ച ഇഷ്ടിക കെട്ടിടത്തിന് പുറമെ വീടുകൾ, ഫിറ്റ്‌നസ് സ്റ്റുഡിയോ, കോഫി ബാർ, ബില്ല്യാർഡ് റൂം, ലൈബ്രറി എന്നിവയും പ്രവർത്തനമാരംഭിച്ചു. ലോകത്തെല്ലായിടത്തുനിന്നുമുള്ള 750-ഓളം ജീവനക്കാർ ഈ ശാഖയിൽ ജോലി ചെയ്യുന്നു, അവരിലധികവും സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാരാണ്. മൗണ്ടൻ വ്യൂവിലെ Google-ന്റെ ആസ്ഥാനത്ത് സഹപ്രവർത്തകരുമായി നടക്കുന്ന വീഡിയോ കോൺഫറൻസുകളെല്ലാം വൈകീട്ടോടെ മാത്രമേ സാധ്യമാകൂ എന്നതിനാൽ അവരുടെ പ്രവർത്തന സമയം വൈകുന്നേരം കഴിഞ്ഞും നീളും.

ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്ന കാര്യത്തിൽ അവർക്ക് പരിപൂർണ്ണ സുതാര്യതയും നിയന്ത്രണവും നൽകുക എന്നതാണ് പ്രധാന ലക്ഷ്യം

ഇതൊക്കെയാണെങ്കിലും Google-ന്റെ മ്യൂണിക്കിലെ പ്രവർത്തനം ജർമ്മൻ പ്രാദേശികത നിലനിർത്തി പോന്നു – പ്രാദേശിക സബ്‌വേ സ്റ്റേഷനുകൾക്കും ക്ലാസിക് ബവേറിയൻ മരത്തടികളാൽ പാനൽ ചെയ്ത മുറികൾക്കും സമാനമായ തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കോൺഫറൻസ് മുറികൾ പോലെ, രസകരമായ നിരവധി കാര്യങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്. എന്നാൽ, ഹോൾഫെഡറിനെ സംബന്ധിച്ച് “ഞങ്ങളുടെ പ്രാദേശിക നേട്ടം” എന്നദ്ദേഹം അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന മ്യൂണിക്ക് എഞ്ചിനീയർമാരാണ് ജർമ്മൻ സൈറ്റിന്റെ ഏറ്റവും വലിയ സവിശേഷത. “ഇവിടെ മ്യൂണിക്കിൽ – ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി – ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഞങ്ങൾ നിർമ്മിക്കുന്നു,” ഹോൾഫെഡർ വിശദീകരിക്കുന്നു. ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്ന കാര്യത്തിൽ അവർക്ക് പരിപൂർണ്ണ സുതാര്യതയും നിയന്ത്രണവും നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ ദൗത്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ ജർമ്മനിയാണ്.

ഡയറക്‌ടർ ഓഫ് എഞ്ചിനീയറിംഗ് സ്റ്റെഫാൻ മിക്‌ലിറ്റ്സ്, ആഗോളതലത്തിൽ Google ഉൽപ്പന്നങ്ങളുടെ ഡാറ്റാ സ്വകാര്യതാ മാനദണ്ഡങ്ങളുടെ ഉത്തരവാദിത്തമുള്ള അദ്ദേഹവും മ്യൂണിക്ക് ഓഫീസിലാണ് ജോലി ചെയ്യുന്നത്. 2007-ൽ ടീമിന്റെ ഭാഗമായ അദ്ദേഹം ഒറിജിനൽ മ്യൂണിക്ക് Googler-മാരിൽ ഒരാളാണ്. ഇപ്പോൾ Google അക്കൗണ്ട് എന്നറിയപ്പെടുന്ന യഥാർത്ഥ 'എന്റെ അക്കൗണ്ട്' സേവനം വികസിപ്പിച്ചത് മിക്‌ലിറ്റ്‌സും ടീമുമാണ്. Google അക്കൗണ്ടുള്ളവർക്കും Google-ന്റെ തിരയൽ യന്ത്രം അല്ലെങ്കിൽ YouTube മാത്രം ഉപയോഗിക്കുന്നവർക്കും ഈ ഡിജിറ്റൽ കോക്ക്‌പിറ്റ് ഉപയോഗിക്കാം. Google അക്കൗണ്ട് ഉപയോഗിച്ച് ക്രമീകരണം എളുപ്പത്തിൽ മാനേജ് ചെയ്യാം. പുറത്തുനിന്നുള്ള ആക്രമണത്തിൽ നിന്ന് ഉപയോക്താക്കളുടെ ഡാറ്റ എത്രത്തോളം മികച്ച രീതിയിലാണ് പരിരക്ഷിച്ചിരിക്കുന്നത് എന്നറിയാൻ അവർക്ക് സുരക്ഷാ പരിശോധന നടത്താം, Google സെർവറുകളിൽ ഏതൊക്കെ വ്യക്തിപര വിവരങ്ങൾ സംഭരിക്കണമെന്നും ഏതൊക്കെ സംഭരിക്കേണ്ടെന്നും തീരുമാനിക്കാൻ സ്വകാര്യതാ പരിശോധന ഉപയോഗിക്കാം.

"ഇവിടെ മ്യൂണിക്കിൽ, – ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി – ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഞങ്ങൾ നിർമ്മിക്കുന്നു."

വീലൻഡ് ഹോൾഫെഡർ

“ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള കേന്ദ്ര ഹബ് സൃഷ്ടിക്കുക എന്നതായിരുന്നു ആശയം,” മിക്‌ലിറ്റ്സ് പറയുന്നു. “ഉപയോക്താക്കളെ ആശങ്കാകുലരാക്കാതെ, ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഫോക്കസ് ചെയ്ത് – ക്രമീകരണവുമായി ബന്ധപ്പെട്ട എല്ലാ കോൺഫിഗറേഷൻ ഓപ്ഷനുകൾക്കുമൊപ്പം, രണ്ട് പേജുകളിലായി ഉത്തരങ്ങൾ ഒന്നിച്ച് ചേർക്കാനായിരുന്നു ഞങ്ങൾക്ക് താൽപ്പര്യം.” “മൈക്രോകിച്ചണുകൾ” എന്നറിയപ്പെടുന്ന, Google ജീവനക്കാർക്കുള്ള അടുക്കളകളിലൊന്നിൽ നിന്ന് കാപ്പി എടുത്തുകൊണ്ട് മിക്‌ലിറ്റ്‌സ് പറഞ്ഞു, വ്യത്യസ്ത തരം പാനീയങ്ങൾ നിറഞ്ഞ ആറടി ഉയരമുള്ള ഫ്രിഡ്‌ജ് അവിടെ കാണാം. ഗ്ലാസ് ഡോറുകളിലൂടെ മിനറൽ വാട്ടറിന്റെ കുപ്പികൾ നിറഞ്ഞ, മുകളിലെ രണ്ട് നിരകളും വ്യക്തമായി കാണാം. ഫ്രിഡ്‌ജിനുള്ളിലെ ബാക്കി ഇനങ്ങളെല്ലാം ഫ്രോസ്റ്റഡ് ഗ്ലാസിന് പിന്നിൽ മറഞ്ഞിരിക്കുകയാണ്. ആദ്യം, കാർബണേറ്റ് ചെയ്ത ജ്യൂസുകളും പിന്നെ സാധാരണ ജ്യൂസുകളും കാണാം, ചുവടെയുള്ള ഷെൽഫുകളിൽ അവസാനം ഐസ്‌ഡ് ടീകളും അനാരോഗ്യകരമായ പാനീയങ്ങളും കാണാം. “യാതൊരു കാര്യവും ഭാഗ്യത്തിന് വിട്ടുകൊടുക്കുന്നത് ഞങ്ങൾ എഞ്ചിനീയർമാർക്ക് ഇഷ്ടമല്ല,” മിക്‌ലിറ്റ്സ് പറയുന്നു.

Google ജർമ്മനിയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് ആണ് വീലൻഡ് ഹോൾഫെഡർ (വലത്). അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സ്റ്റെഫാൻ മിക്‌ലിറ്റ്സ് 2010 മുതൽ Google-ന്റെ ആഗോള സുരക്ഷാ സ്വകാര്യതാ ടീമിനെ നയിക്കുന്നു. കമ്പനി എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്താൻ താൽപ്പര്യമുള്ള ആർക്കും ഇവരെ ബന്ധപ്പെടാം.

ഹോൾഫെഡറിന്റെയും മിക്‌ലിറ്റ്സിന്റെയും അഭിപ്രായത്തിൽ, ഓൺലൈൻ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ പരിരക്ഷിക്കാൻ ഈ മേഖലയിലെ മറ്റൊരു കമ്പനിയും ഇത്രയധികം കാര്യങ്ങൾ ചെയ്യുന്നില്ല. Google-ന്റെ സെർവർ ആന്തരഘടന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഘടനയായി കണക്കാക്കപ്പെടുന്നു എന്നത് സത്യമാണ്. നിരവധി തലങ്ങളടങ്ങിയ, സങ്കീർണ്ണമായ സുരക്ഷാ സംവിധാനമാണത്. ലോകമെമ്പാടുമുള്ള ഡാറ്റാ കേന്ദ്രങ്ങളിൽ എൻക്രിപ്റ്റ് ചെയ്ത രൂപത്തിലാണ് ഡാറ്റ സംഭരിച്ചിരിക്കുന്നത് – പരമാവധി സുരക്ഷയുള്ള ജയിലുകൾക്ക് സമാനമാണിത്. “ബയോമെട്രിക് പരിരക്ഷയുള്ള, ഞങ്ങളുടെ ഡാറ്റാ കേന്ദ്രങ്ങളിലുള്ള ആരെങ്കിലും നിങ്ങളുടെ ഇമെയിലുകൾ അടങ്ങുന്ന ഹാർഡ് ഡ്രൈവ് കണ്ടെത്തുകയാണെങ്കിലും അവർക്കത് ഉപയോഗിച്ച് ഒന്നും ചെയ്യാൻ കഴിയില്ല,” ഹോൾഫെഡർ വിശദീകരിക്കുന്നു. “അതിലുള്ള എല്ലാ വിവരങ്ങളും വ്യത്യസ്ത ഡാറ്റാ കേന്ദ്രങ്ങളിലായി വിതരണം ചെയ്തിരിക്കുന്നു – അത് എൻക്രിപ്റ്റും ചെയ്തിട്ടുണ്ട്.” കൂടാതെ, ഈ സുരക്ഷാനടപടികൾക്കിടയിലും Google-ന്റെ ഇന്റർഫേസുകളിലോ ഉൽപ്പന്നങ്ങളിലോ ഹാക്കർമാർ എന്തെങ്കിലും പാളിച്ച കണ്ടെത്തുകയാണെങ്കിൽ ഈ വിവരങ്ങൾക്ക് പകരമായി കമ്പനി വലിയ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഭാവിയിൽ സൈബർ ആക്രമണത്തിന് പദ്ധതിയിടുന്നവർ എന്തെങ്കിലും സുരക്ഷാ വീഴ്ച കണ്ടെത്തിയാൽ അത് ചൂഷണം ചെയ്യുന്നതിനേക്കാൾ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും കൂടുതൽ പ്രയോജനകരം.

"സ്വകാര്യതയും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള കേന്ദ്ര ഹബ് സൃഷ്ടിക്കുക എന്നതായിരുന്നു ആശയം."

സ്‌റ്റെഫാൻ മിക്‌ലിറ്റ്സ്

ഹോൾഫെഡറും മിക്‌ലിറ്റ്സും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് മനസ്സിലാക്കേണ്ട രണ്ട് പ്രധാന കാര്യങ്ങളുണ്ട്. Google ഉപയോഗിച്ച് ഇമെയിൽ അക്കൗണ്ട് സജ്ജീകരിക്കുന്നവരും ക്ലൗഡിലേക്ക് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നവരും അവരുടെ സന്ദേശങ്ങളും ചിത്രങ്ങളും കഴിയുന്നത്ര സുരക്ഷിതമാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നതാണ് ആദ്യത്തെ കാര്യം. Google ഉപയോഗിച്ച് സർഫ് ചെയ്യുകയും വെബിൽ തിരയുകയും ചെയ്യുന്ന എല്ലാവർക്കും, ഏതൊക്കെ ഡാറ്റ Google-ന് ശേഖരിക്കാനും ഉപയോഗിക്കാനും കഴിയുമെന്ന് സ്വയം നിർണ്ണയിക്കാനാകും എന്നതാണ് രണ്ടാമത്തെ കാര്യം. “എന്റെ ഫോൺ എനിക്ക് ട്രാഫിക് അപ്ഡേറ്റുകൾ നൽകുന്നതും ഹൈവേയിൽ ഗതാഗതക്കുരുക്ക് ഉള്ളതിനാൽ കൃത്യസമയത്ത് ഫ്ലൈറ്റ് കിട്ടണമെങ്കിൽ ഇപ്പോൾ തന്നെ പുറപ്പെടണമെന്നതും പോലുള്ള കാര്യങ്ങൾ പറയുന്നതും അഭിനന്ദനാർഹമായ കാര്യമാണ്,” ഹോൾഫെഡർ പറയുന്നു. “എന്നാൽ ഈ ഫംഗ്ഷൻ ഓണാക്കണോ വേണ്ടയോ എന്ന് എല്ലാവർക്കും സ്വയം തീരുമാനിക്കാം.”

Google Chrome ജിഞ്ചർബ്രെഡ് ഹാർട്ട്‌സ്: മ്യൂണിക്കിലെ Google സൈറ്റിലെ റൂമുകൾ രസകരവും ആഡംബരപൂർണ്ണവുമാണ്.

Google ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന പരസ്യങ്ങളുടെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെയാണ്. കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ ഡാറ്റ സഹായിക്കുന്നു -- നിങ്ങൾ ചാരനിറത്തിലുള്ള പുതിയ സോഫ തിരയുകയാണെങ്കിൽ, അത് കണ്ടെത്താൻ സഹായിക്കുന്ന പരസ്യങ്ങൾ നിങ്ങൾ കാണുന്നു. ചില ഉപയോക്താക്കൾക്ക് ഇത് ഉപയോഗപ്രദമായി തോന്നാം; മറ്റ് ചിലരെ ഇത് അലോസരപ്പെടുത്തിയേക്കാം. പരസ്യങ്ങൾ വ്യക്തിപരമാക്കുന്ന ഈ ഫീച്ചർ ഓഫാക്കാനാകുമെന്നും മിക്‌ലിറ്റ്സ് പറയുന്നു. “തീർച്ചയായും Google അക്കൗണ്ട് വഴി,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഫീച്ചർ ഓഫാക്കുന്ന ഉപയോക്താക്കൾ പരസ്യങ്ങൾ തുടർന്നും കാണുമെങ്കിലും അവരുടെ താൽപ്പര്യത്തിനിണങ്ങിയ പരസ്യങ്ങൾ പിന്നീടങ്ങോട്ട് കാണില്ല. “ഉപയോക്താക്കൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു,” ഹോൾഫെഡർ കൂട്ടിച്ചേർത്തു. “എന്നാൽ വ്യക്തിപരമായ ഡാറ്റയൊന്നും ഞങ്ങൾ വിൽക്കില്ല.”

ഫോട്ടോഗ്രാഫുകൾ: മിർസിക്, ജാരിഷ്

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക