ഒരു ഏകീകൃത നിയന്ത്രണ കേന്ദ്രം: Google അക്കൗണ്ട്

ഉപയോക്താക്കളെ സംബന്ധിച്ച് Google-മായി പങ്കിടുന്നതുകൊണ്ട് കുഴപ്പമില്ലാത്ത ഡാറ്റ ഏതൊക്കെയെന്നും പങ്കിടാൻ താൽപ്പര്യമില്ലാത്ത ഡാറ്റ ഏതൊക്കെയെന്നും തീരുമാനിക്കാൻ അവരെ അനുവദിക്കുന്ന ടൂളുകൾ വികസിപ്പിക്കാൻ സ്റ്റെഫാൻ മിക്‌ലിറ്റ്സും ജാൻ ഹാനിമാനും വർഷങ്ങളോളം ചെലവഴിച്ചു

സ്റ്റെഫാൻ മിക്‌ലിറ്റ്സ് ജോലി ചെയ്യുന്നത് Google-ൽ ആണെന്ന് ആളുകളോട് പറയുമ്പോൾ, അവർ ഇടയ്ക്കിടെ “നിങ്ങൾക്ക് ഇത്രയധികം ഡാറ്റയുടെ ആവശ്യമെന്താണ്?” എന്ന് ചോദിക്കുകയും, അതിന് അദ്ദേഹം ഇങ്ങനെ ഉത്തരം നൽകുകയും ചെയ്യാറുണ്ട്: “Google ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് കൂടുതൽ സഹായകരമാക്കാൻ ഡാറ്റയ്ക്ക് കഴിയും — നിങ്ങളുടെ തിരയൽ ഫലങ്ങൾ ശരിയായ ഭാഷയിൽ പ്രദർശിപ്പിക്കുകയോ വീട്ടിൽ എത്താൻ ഏറ്റവും വേഗതയേറിയ വഴി നിർദ്ദേശിക്കുകയോ പോലുള്ളവ. എന്നാൽ Google നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് സംഭരിക്കുന്നതെന്നും ഞങ്ങളുടെ ഉൽപ്പന്നം നിങ്ങൾക്ക് അനുയോജ്യമാക്കുന്നതിന് നിങ്ങളുടെ ഡാറ്റ ഉപയോഗിക്കണോ എന്നും തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണെന്ന് ഞാൻ എപ്പോഴും എടുത്തു പറയുന്നു. സാധാരണയായി, എന്നെ വിശ്വസിക്കുന്നതിനുമുമ്പ് ആളുകൾ സ്വയം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു!”

"ഞങ്ങൾക്ക് സേവനം കൂടുതൽ വ്യക്തിപരമാക്കണമെന്നും ലേഔട്ട് കൂടുതൽ വ്യക്തമാക്കണമെന്നുമുണ്ട്."

ജാൻ ഹാനിമാൻ

മിക്‌ലിറ്റ്സ് Google-ൽ 2007 മുതൽ ജോലി ചെയ്യുന്നുണ്ട്. മ്യൂണിക്ക് ഓഫീസിലെ ആദ്യ ആളുകളിലൊരാളായ അദ്ദേഹം വളരെ വേഗം തന്നെ ഓൺലൈൻ സുരക്ഷ, ഡാറ്റാ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനപ്പെട്ട റോൾ ഏറ്റെടുത്തു. ഓൺലൈൻ സുരക്ഷ, ഡാറ്റാ സ്വകാര്യത എന്നിവ മെച്ചപ്പെടുത്തുന്നതിന് 2010 മുതൽ നിരവധി പ്രധാനപ്പെട്ട Google ഉൽപ്പന്നങ്ങളുടെ ആഗോള വികസനത്തിന് മിക്‌ലിറ്റ്സ് നേതൃത്വം വഹിച്ചു. 2008-ൽ ജർമ്മനിയിൽ ഈ വകുപ്പിന്റെ ആസ്ഥാനം സ്ഥാപിച്ചത് Google-ന്റെ ബുദ്ധിപൂർവ്വമായ തീരുമാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. "സ്വകാര്യതയെക്കുറിച്ച് വളരെ ശക്തമായി ചർച്ച ചെയ്യുന്നയിടമാകാൻ Google താൽപ്പര്യപ്പെടുന്നു,” മിക്‌ലിറ്റ്സ് ഓർമ്മിക്കുന്നു.

അപ്പോൾ മുതൽ വളരെയധികം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, യൂറോപ്യൻ യൂണിയൻ 2018 മേയ് 25-ന് ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) നടപ്പിലാക്കിയതാണ്. GDPR, വ്യക്തിപരമായ ഡാറ്റയുടെ ഉപയോഗവും സംഭരണവും നിയന്ത്രിക്കുന്നു. 2016-ൽ ആദ്യമായി മിക്‌ലിറ്റ്സ് സഹപ്രവർത്തകരുമൊത്ത് നിയമ വാചകങ്ങൾ വായിച്ചത് അദ്ദേഹം ഓർക്കുന്നു. “ഞങ്ങൾ സൃഷ്ടിച്ച നിയന്ത്രണങ്ങളും ഉപകരണങ്ങളും മുമ്പേ തന്നെ GDPR-മായി നന്നായി പൊരുത്തപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിരുന്നു -- എന്നാൽ ഞങ്ങൾക്ക് ചെയ്യാൻ പിന്നെയും ജോലികൾ ബാക്കിയുണ്ടായിരുന്നു,” അദ്ദേഹം ഓർമ്മിക്കുന്നു. അതിനുശേഷം, അദ്ദേഹം എന്നോടൊപ്പം കോൺഫറൻസ് റൂമിലേക്ക് വന്നു, അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ജാൻ ഹാനിമാനെ കണ്ടുമുട്ടുന്നത്.

ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ്, സ്റ്റെഫാൻ മിക്‌ലിറ്റ്സ് (ഇടത്ത്) ആണ് Google-ൽ ആഗോള സ്വകാര്യതയുടെയും സുരക്ഷയുടെയും ഉത്തരവാദിത്തമുള്ള വ്യക്തി. മ്യൂണിക്കിലെ സാങ്കേതിക സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ അദ്ദേഹം 2007-ന്റെ അവസാനം മുതൽ Google-ന്റെ മ്യൂണിക്ക് ഓഫീസിൽ ജോലി ചെയ്യുകയാണ്.

2009-ൽ, Google അതിന്റെ ആദ്യത്തെ ഡാറ്റാ സ്വകാര്യതാ ടൂൾ ആയ Google Dashboard ലോഞ്ച് ചെയ്തു. ഇതിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം മിക്‌ലിറ്റ്സിനും അദ്ദേഹത്തിന്റെ ടീമുകൾക്കും ആയിരുന്നു. വർഷം തോറും, അധിക ഫംഗ്ഷനുകൾ ചേർത്തു. 2013 മുതൽ ഉപയോക്താക്കൾക്ക് നിഷ്‌ക്രിയ അക്കൗണ്ട് മാനേജർ എന്നതിന്റെ സഹായത്തോടെ അവരുടെ Google ഡിജിറ്റൽ ലെഗസി മാനേജ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്; 2014-ൽ സുരക്ഷാ പരിശോധന എന്നതും, തുടർന്ന് 2015-ൽ സ്വകാര്യതാ പരിശോധന എന്നതും ചേർത്തു. ഈ പുതിയ ഉപകരണങ്ങൾ ഉപയോക്താക്കളെ അവരുടെ ഡാറ്റാ സ്വകാര്യതയെക്കുറിച്ചും സുരക്ഷാ ക്രമീകരണത്തെക്കുറിച്ചും ഘട്ടം ഘട്ടമായി പരിചയപ്പെടുത്തുന്നു.

2015-ൽ, Google-ന്റെ എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന 'എന്റെ അക്കൗണ്ട്' ലോഞ്ച് ചെയ്തു. ഉപയോക്താക്കളുടെ വ്യക്തിപരമായ ഏതൊക്കെ ഡാറ്റയാണ് Google സംരക്ഷിക്കുന്നതെന്ന് കാണാനും, ഏതൊക്കെ വിവരങ്ങൾ ഇല്ലാതാക്കണമെന്ന് സ്വയം തീരുമാനം എടുക്കാനും, ഓൺലൈൻ പ്രവർത്തനം ട്രാക്ക് ചെയ്യുകയും ഡാറ്റ സംരക്ഷിക്കുകയും ചെയ്യുന്ന ഫംഗ്ഷനുകൾ ഓഫാക്കാനും അവരെ അനുവദിക്കുന്ന ഒരു ഏകീകൃത നിയന്ത്രണ കേന്ദ്രം ഉപയോക്താക്കൾക്ക് ആദ്യമായി ലഭിച്ചു. വ്യക്തിപരമാക്കിയ പരസ്യങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഒഴിവാകുകയും ചെയ്യാം. ലോഞ്ച് ചെയ്തത് മുതൽ 'എന്റെ അക്കൗണ്ട്' തുടർച്ചയായി വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

"എന്തൊക്കെ വിവരങ്ങൾ സൂക്ഷിക്കാൻ Google-നെ അനുവദിക്കാമെന്ന് ഓരോ ഉപയോക്താവിനും തിരഞ്ഞെടുക്കാമെന്നത് ഞങ്ങൾക്ക് പ്രാധാന്യമുള്ള സംഗതിയാണ്."

സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സ്

2018 ജൂണിൽ, സേവനം പരിഷ്കരിച്ചു, 'എന്റെ അക്കൗണ്ട്' Google അക്കൗണ്ട് ആയി. ജാൻ ഹാനിമാനിനൊപ്പം ഉൽപ്പന്ന മാനേജരായ സ്റ്റെഫാൻ മിക്‌ലിറ്റ്സിനും വീണ്ടും ലോഞ്ച് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി ഉള്ള ഹാനിമാൻ 2013 മുതൽ Google-ന്റെ മ്യൂണിക്കിലെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. 'എന്റെ അക്കൗണ്ട്' വികസിപ്പിക്കാൻ അദ്ദേഹം സഹായിച്ചു, ഇന്നും Google അക്കൗണ്ടിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. സഹപ്രവർത്തകർ അദ്ദേഹത്തിന് ഒരു വിളിപ്പേര് പോലും നൽകിയിട്ടുണ്ട് “മിസ്റ്റർ Google അക്കൗണ്ട്.”

ഹാനിമാൻ അദ്ദേഹത്തിന്റെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് Google അക്കൗണ്ടിന്റെ പുതിയ ഡിസൈൻ വിശദീകരിക്കുന്നു. “ഞങ്ങൾക്ക് സേവനം കൂടുതൽ വ്യക്തിപരമാക്കണമെന്നും ലേഔട്ട് കൂടുതൽ വ്യക്തമാക്കണമെന്നുമുണ്ട് - പ്രത്യേകിച്ചും ചെറിയ സ്‌ക്രീനുകളുള്ള മൊബൈലിൽ ഉപയോഗിക്കുന്നതിന്." സ്റ്റെഫാൻ മിക്‌ലിറ്റ്സ് സ്വന്തം സ്മാർട്ട്ഫോൺ എടുത്ത് ആപ്പ് തുറക്കുന്നു. “ഞാൻ സേവനം പ്രവർത്തിപ്പിക്കുമ്പോൾ, ഒരു സുരക്ഷാ പരിശോധന നടത്താനുള്ള ഓപ്ഷൻ സോഫ്റ്റ്‌വെയർ എനിക്ക് നൽകുന്നു, ഉദാഹരണത്തിന്,” അദ്ദേഹം വിശദീകരിക്കുന്നു. “എന്റെ Google അക്കൗണ്ടിന്റെ സുരക്ഷ എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെ സംബന്ധിച്ച് Google-ന് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടോയെന്ന് എനിക്ക് ഇവിടെ ഉടൻ തന്നെ കാണാൻ കഴിയും.”

മുമ്പ് എന്റെ അക്കൗണ്ട് എന്ന് അറിയപ്പെട്ടിരുന്ന Google അക്കൗണ്ടിന്റെ ഉൽപ്പന്ന മാനേജരാണ് ജാൻ ഹാനിമാൻ (ഇടത്ത്). ഉപയോക്താക്കളെ, അവരുടെ സുരക്ഷയും ഡാറ്റാ സ്വകാര്യതയും പരിശോധിക്കാൻ അനുവദിക്കുന്ന ഒരു ഏകീകൃത നിയന്ത്രണ കേന്ദ്രമാണ് ഈ സേവനം.

ലോകമെമ്പാടുമുള്ള ആളുകൾ എങ്ങനെയാണ് വ്യക്തിഗത സേവനങ്ങൾ ഉപയോഗിക്കുന്നതെന്നും അവരുടെ പൊതു സമീപനം എങ്ങനെയാണെന്നും മനസ്സിലാക്കാനുള്ള Google സർവേകളെ അടിസ്ഥാനമാക്കിയാണ് മിക്‌ലിറ്റ്സിന്റെയും ഹാനിമാന്റെയും ഉൽപ്പന്ന വികസന പ്രവർത്തനങ്ങൾ. "യൂറോപ്യന്മാർ - പ്രത്യേകിച്ച് ജർമ്മൻകാർ - അവർക്ക് അവരുടെ വ്യക്തിപരമായ ഡാറ്റ ഉപയോഗിക്കുന്നതിൽ അമേരിക്കക്കാർക്ക് ഉള്ളതിനേക്കാൾ കൂടുതൽ സംശയമുണ്ട്," ഹാനിമാൻ പറയുന്നു. “തീർച്ചയായും അതിന് നമ്മുടെ ചരിത്രവുമായി ബന്ധമുണ്ട്.” എല്ലാ ഉപയോക്തക്കളും അവരുടെ ഡാറ്റ സംഭരിക്കുന്നതിനെ ഒരുപോലെ എതിർക്കുന്നില്ല. "എയർപോർട്ടിലേക്ക് പോകാൻ സമയമായി എന്ന് സ്മാർട്ട് ഫോൺ ഓർമ്മിപ്പിക്കുമ്പോൾ ചില ആളുകൾക്ക് അത് വളരെ പ്രായോഗികമായി തോന്നും," ഹാനിമാൻ പറയുന്നു. മറ്റ് ആളുകൾ, ഒരു തിരയൽ പദത്തിന്റെ ശേഷിക്കുന്ന ഭാഗം പ്രവചിക്കാൻ തിരയൽ യന്ത്രത്തെ അനുവദിക്കുന്ന സ്വയംപൂർത്തിയാക്കൽ ഫീച്ചറിനെ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആളുകൾക്ക് അനുയോജ്യമാക്കുന്നതിന് അവരുടെ ഡാറ്റ ഉപയോഗിക്കാൻ അനുവദിക്കുമ്പോൾ മാത്രമേ ഞങ്ങൾക്ക് ഈ ഫീച്ചറുകളും മറ്റ് നിരവധി കാര്യങ്ങളും നൽകാൻ കഴിയൂ.

സ്വകാര്യതയുടെ കാര്യത്തിൽ ഒരേപോലെയുള്ള ഒരൊറ്റ പരിഹാരം ഒരിക്കലും ഉണ്ടാകില്ലെന്ന് സ്റ്റെഫാൻ മിക്‌ലിറ്റ്സ് നിരീക്ഷിക്കുന്നു. നമ്മൾ എല്ലാവരും വ്യക്തികളാണെന്നും ഉപയോക്താക്കളുടെ ആവശ്യങ്ങൾ കാലാകാലങ്ങളിൽ മാറുന്നുവെന്നും ഉള്ളത് ഒരു പരിധിവരെ അതിന്റെ കാരണങ്ങളാണ്. "എന്തൊക്കെ വിവരങ്ങൾ സൂക്ഷിക്കാൻ Google-നെ അനുവദിക്കാമെന്ന് ഓരോ ഉപയോക്താവിനും തിരഞ്ഞെടുക്കാമെന്നത് ഞങ്ങൾക്ക് പ്രാധാന്യമുള്ള സംഗതിയാണ്. ഇത് സാധ്യമാക്കുന്നതിന് ഞങ്ങളുടെ ഉപകരണങ്ങളെ എപ്പോഴും തയ്യാറാക്കി വയ്ക്കുന്നു."

ചിത്രങ്ങൾ: കോണി മിർബാക്ക്

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക