ഓൺലെെൻ പാസ്‌വേഡുകൾ മാനേജ് ചെയ്യൽ

ഓൺലെെൻ സുരക്ഷയുടെ കാര്യം വരുമ്പോൾ മിക്ക ഉപയോക്താക്കളും അസ്വസ്ഥരാകുന്നു. സുരക്ഷാ നടപടികൾ വികസിപ്പിക്കുമ്പോൾ ഈ വികാരങ്ങൾ കണക്കിലെടുക്കുന്നതിനെക്കുറിച്ച് Google-ന്റെ മാർക്ക് റിഷറും സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സും സംസാരിക്കുന്നു

റിഷർ, ഇന്റർനെറ്റ് സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന, Google-ലെ ഉൽപ്പന്ന മാനേജ്‌മെന്റിന്റെ ഡയറക്‌ടറാണ് താങ്കൾ. നിങ്ങൾ എപ്പോഴെങ്കിലും ഓൺലെെൻ തട്ടിപ്പിന് ഇരയായിട്ടുണ്ടോ?

മാർക്ക് റിഷർ: കൃത്യമായ ഒരു ഉദാഹരണം എനിക്ക് ഇപ്പോൾ ഓർമ്മിക്കാനാകുന്നില്ല, എന്നാലും അങ്ങനെ ഊഹിക്കാനേ എനിക്ക് കഴിയൂ. വെബിൽ സർഫ് ചെയ്യുമ്പോൾ എല്ലാവരെയും പോലെ ഞാനും പിഴവുകൾ വരുത്താറുണ്ട്. ഉദാഹരണത്തിന്, അടുത്തിടെ, തെറ്റായ ഒരു വെബ്‌സെെറ്റിൽ എന്റെ Google പാസ്‌വേഡ് ഞാൻ നൽകി. ഭാഗ്യവശാൽ ഞാൻ Chrome പാസ്‌വേഡ് മുന്നറിയിപ്പ് പ്ലഗിൻ ഇൻസ്‌റ്റാൾ ചെയ്‌തിരുന്നതിനാൽ അത് എന്റെ പിഴവ് ചൂണ്ടിക്കാണിച്ചു. ഉടൻ തന്നെ ഞാൻ എന്റെ പാസ്‌വേഡ് മാറ്റി.

സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സ്, Google-ന്റെ സ്വകാര്യതാ, സുരക്ഷാ ടീമിലെ എഞ്ചിനീയറിംഗ് ഡയറക്‌ടർ: അത് മനുഷ്യസഹജം മാത്രമാണ്. നമ്മൾ പാസ്‌വേഡ് മനഃപാഠമാക്കിക്കഴിഞ്ഞാൽ പ്രത്യേക ശ്രദ്ധയില്ലാതെ അത് എവിടെയെങ്കിലും ടെെപ്പ് ചെയ്യുന്നത് സ്വാഭാവികമാണ്.

റിഷർ: പാസ്‌വേഡുകൾ പൂർണ്ണമായും ഒഴിവാക്കാൻ നമുക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും അതത്ര എളുപ്പമല്ല.

"ധാരാളം സുരക്ഷാ നടപടികൾ നടക്കുന്നത് അണിയറയിലാണ്."

മാർക്ക് റിഷർ

പാസ്‌വേഡുകളുടെ ഏറ്റവും മോശമായ വശം എന്താണ്?

റിഷർ: അവയ്‌ക്ക് ധാരാളം പോരായ്‌മകളുണ്ട്: അവ മോഷ്‌ടിക്കാൻ എളുപ്പമാണ്, ഓർത്തിരിക്കാൻ പ്രയാസവും, പാസ്‌വേഡുകൾ മാനേജ് ചെയ്യുന്നത് വിരസമാണ്. പാസ്‌വേഡുകൾ കഴിയുന്നത്ര ദെെർഘ്യമേറിയതും സങ്കീർണ്ണവും ആയിരിക്കണമെന്ന് ധാരാളം ഉപയോക്താക്കൾ വിശ്വസിക്കുന്നു – സത്യത്തിൽ ഇത് സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സങ്കീർണ്ണമായ പാസ്‌വേഡുകൾ കയ്യിലുള്ളവർക്ക് ഒന്നിലധികം അക്കൗണ്ടുകൾക്കായി അവ ഉപയോഗിക്കാനുള്ള പ്രേരണയുണ്ടാകുന്നു, ഇത് അവർക്ക് കൂടുതൽ സുരക്ഷാ ഭീഷണി ഉയർത്തുന്നു.

മിക്‌ലിറ്റ്‌സ്: പാസ്‌വേഡ് എത്രമാത്രം നൽകാതിരിക്കുന്നുവോ അത്രയും നല്ലത്. അതിനാൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തുടർച്ചയായി സെെൻ ഇൻ ചെയ്യുകയും അതിൽ നിന്ന് സെെൻ ഔട്ട് ചെയ്യുകയും അരുത്. ക്രമേണ, നിലവിൽ തങ്ങൾ ഏത് വെബ് പേജിലാണുള്ളത് എന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കാതിരിക്കാൻ ഇത് ഇടയാക്കും, അതുവഴി പാസ്‌വേഡ് മോഷ്‌ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാകുകയും ചെയ്യും. അതിനാൽ എപ്പോഴും ലോഗിൻ ചെയ്‌ത നിലയിൽ തുടരാൻ ഉപയോക്താക്കളോട് ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഞാൻ കുറച്ച് സമയം നിഷ്‌ക്രിയത്വം പാലിച്ചാൽ എന്റെ ബാങ്കിന്റെ വെബ്‌സെെറ്റ് എന്നെ സ്വയമേവ ലോഗൗട്ട് ചെയ്യുന്നു.

മിക്‌ലിറ്റ്‌സ്: നിർഭാഗ്യവശാൽ, ധാരാളം കമ്പനികൾ കാലഹരണപ്പെട്ട നിയമങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. കൂടുതൽ ആളുകളും ഇന്റർനെറ്റ് കഫേകളിൽ നിന്നോ മറ്റുള്ളവരുമായി പങ്കിട്ട കമ്പ്യൂട്ടറിൽ നിന്നോ ഓൺലെെനായിരുന്ന കാലത്താണ് തുടർച്ചയായി ലോഗൗട്ട് ചെയ്യാനുള്ള നിർദ്ദേശം ഉണ്ടായത്. ആളുകൾ കൂടുതൽ തവണ പാസ്‌വേഡ് നൽകുമ്പോൾ സെെബർ ആക്രമണത്തിന് ഇരയാകാനുള്ള അവരുടെ സാധ്യതയും വർദ്ധിക്കുന്നുവെന്ന് ഞങ്ങളുടെ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. അതിനാൽ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ സ്‌ക്രീൻ ലോക്ക് സജീവമാക്കുന്നതും സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കുന്നതുമാണ് കൂടുതൽ സുരക്ഷിതം.

റിഷർ: അത് ശരിയാണ്. നിർഭാഗ്യവശാൽ കൂടുതൽ ഉപയോക്താക്കൾക്കും ആശയക്കുഴപ്പം സൃഷ്‌ടിച്ചേക്കാവുന്ന തെറ്റായതും അപ്രായോഗികമായതുമായ ധാരാളം നിർദ്ദേശങ്ങൾ പ്രചാരത്തിലുണ്ട്. ഏറ്റവും മോശം സാഹചര്യത്തിൽ, ആളുകൾക്ക് അനിശ്ചിതത്വം അനുഭവപ്പെടുകയും തുടർന്ന് അവർ ശ്രമം ഉപേക്ഷിക്കുകയും ചെയ്യും: “എനിക്ക് എന്നെ സംരക്ഷിക്കുന്നത് ഇത്ര ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ആ ശ്രമം തന്നെ അവസാനിപ്പിച്ചേക്കും.” ചുറ്റും കവർച്ചക്കാർ ഉണ്ടെന്ന് അറിഞ്ഞിട്ടും വീടിന്റെ മുൻവശത്തെ വാതിൽ എപ്പോഴും തുറന്നിടുന്നതിന് സമാനമാണിത്.

മാർക്ക് റിഷർ
USB Sicherheitsschlüssel

സുരക്ഷയ്‌ക്കും സ്വകാര്യതയ്‌ക്കുമുള്ള Google-ന്റെ ഉൽപ്പന്ന മാനേജ്‌മെന്റിന്റെ ഡയറക്‌ടറാണ് മാർക്ക് റിഷർ. 2014-ൽ Google സ്വന്തമാക്കിയ സെെബർ സുരക്ഷാ സ്‌റ്റാർട്ടപ്പായ Impermium, 2010-ൽ അദ്ദേഹം സ്ഥാപിച്ചതാണ്. അന്ന് മുതൽ Mountain View, California എന്ന വിലാസത്തിൽ സ്ഥിതിചെയ്യുന്ന കമ്പനിയുടെ ആസ്ഥാനത്ത് പ്രവർത്തിച്ച് വരികയാണ് റിഷർ. വലത് വശത്ത്: വിപുലമായ പരിരക്ഷാ പ്രോഗ്രാമിൽ ഉപയോഗിച്ചത് പോലുള്ള ഒരു സുരക്ഷാ കീ. ഇത് ചെറിയ നിരക്കിൽ ലഭ്യമാണ്, വ്യത്യസ്‌ത വെബ്‌സെെറ്റുകളിൽ ഉപയോഗിക്കുകയും ചെയ്യാം.

പാസ്‌വേഡുകൾ ഇല്ലാതാക്കിയാൽ ഉപയോക്തൃ സുരക്ഷ Google എങ്ങനെ ഉറപ്പാക്കും?

റിഷർ: അണിയറയിൽ ഇതിനകം തന്നെ ധാരാളം അധിക സുരക്ഷാ നടപടികൾ ഞങ്ങൾ റൺ ചെയ്യുന്നുണ്ട്. ഹാക്കർക്ക് നിങ്ങളുടെ പാസ്‌വേഡും ഫോൺ നമ്പറും മനസ്സിലാക്കാനാകുമായിരിക്കാം, എന്നാലും നിങ്ങളുടെ Google അക്കൗണ്ടിന് 99.9 ശതമാനം സുരക്ഷ ഉറപ്പ് നൽകാൻ ഞങ്ങൾക്കാകും. ഉദാഹരണത്തിന്, ഏത് ഉപകരണത്തിൽ നിന്നാണ് അല്ലെങ്കിൽ ഏത് രാജ്യത്ത് നിന്നാണ് ഒരാൾ ലോഗിൻ ചെയ്യുന്നതെന്ന് ഞങ്ങൾ പരിശോധിക്കും. തെറ്റായ പാസ്‌വേഡ് ഉപയോഗിച്ച് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്ക് തുടർച്ചയായി പല തവണ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ഞങ്ങളുടെ സുരക്ഷാ സിസ്‌റ്റങ്ങളിൽ അലാറങ്ങൾ സജ്ജീകരിക്കപ്പെടും.

മിക്‌ലിറ്റ്‌സ്: ഉപയോക്താക്കൾക്ക് തങ്ങളുടെ Google അക്കൗണ്ടിലെ വ്യക്തിപരമായ സുരക്ഷാ ക്രമീകരണത്തിലൂടെ ഘട്ടം ഘട്ടമായി പരിശോധന നടത്താൻ സൗകര്യമൊരുക്കുന്ന സുരക്ഷാ പരിശോധനയും ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. വിപുലമായ പരിരക്ഷാ പ്രോഗ്രാം ഉപയോഗിച്ച് ഞങ്ങൾ ഒരു പടി കൂടി മുന്നോട്ട് പോകുന്നു.

ഈ പ്രോഗ്രാമിന് പിന്നിലുള്ള ആശയം എന്താണ്?

മിക്‌ലിറ്റ്‌സ്: കുറ്റവാളികൾക്ക് പ്രത്യേകം താൽപ്പര്യമുണ്ടാകാൻ ഇടയുള്ള രാഷ്‌ട്രീയക്കാർ, CEO-മാർ, മാധ്യമപ്രവർത്തകർ പോലുള്ള ആളുകൾക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം ആദ്യം വികസിപ്പിച്ചെടുത്തത്. എന്നാൽ അധിക ഓൺലെെൻ പരിരക്ഷ ആഗ്രഹിക്കുന്ന ആർക്കും ഇപ്പോൾ ഇത് ലഭ്യമാണ്. പ്രത്യേക USB അല്ലെങ്കിൽ Bluetooth ഡോംഗിൾ ഉള്ളവർക്ക് മാത്രമേ അവരുടെ പരിരക്ഷിത Google അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുകയുള്ളൂ.

റിഷർ: എല്ലാ Google ജീവനക്കാരും തങ്ങളുടെ കമ്പനി അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ സുരക്ഷാ കീ ഉപയോഗിക്കുന്നതിനാൽ ഈ സിസ്‌റ്റം എത്രമാത്രം ഫലപ്രദമാണെന്ന് അനുഭവത്തിൽ നിന്ന് ഞങ്ങൾക്കറിയാം. ഈ സുരക്ഷാ നടപടി അവതരിപ്പിച്ചതിന് ശേഷം, പാസ്‌വേഡ് സ്ഥിരീകരണത്തിലേക്ക് ട്രേസ് ചെയ്യാവുന്ന ഒരു ഫിഷിംഗ് കേസ് പോലും ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. ആക്രമണകാരികൾക്ക് പാസ്‌വേഡ് മനസ്സിലായാലും ടോക്കൺ ഇല്ലാതെ അക്കൗണ്ട് ആക്‌സസ് ചെയ്യാനാകില്ല എന്നതിനാൽ Google അക്കൗണ്ട് സുരക്ഷയെ ടോക്കൺ മികച്ച രീതിയിൽ മെച്ചപ്പെടുത്തുന്നു. പൊതുവെ, ഒരു ഓൺലെെൻ അക്കൗണ്ട് ലോകത്ത് എവിടെ നിന്നും ഹാക്ക് ചെയ്യാനാകും, ഭൗതിക സുരക്ഷാ ടോക്കൺ ഉപയോഗിച്ച് പരിരക്ഷിച്ച അക്കൗണ്ടുകൾ അങ്ങനെ ഹാക്ക് ചെയ്യാനാകില്ല.

മിക്‌ലിറ്റ്‌സ്: അതുപോലെ, ഈ സുരക്ഷാ ടോക്കണുകൾ ധാരാളം വെബ്‌സെെറ്റുകൾക്ക് ഉപയോഗിക്കാനാകും – കേവലം Google-ന്റെ വിപുലമായ പരിരക്ഷാ പ്രോഗ്രാമിന് മാത്രമല്ല. ചെറിയ നിരക്കിൽ നിങ്ങൾക്ക് അവ ഞങ്ങളിൽ നിന്നോ മറ്റ് ദാതാക്കളിൽ നിന്നോ വാങ്ങാവുന്നതാണ്. എല്ലാ വിശദാംശങ്ങളും g.co/advancedprotection എന്നതിൽ കണ്ടെത്താം.

"ഇന്റർനെറ്റിലെ അപകടസാധ്യതകൾ വിലയിരുത്താൻ ആളുകൾ ചിലപ്പോൾ ബുദ്ധിമുട്ടുന്നു."

സ്‌റ്റെഫാൻ മിക്‌ലിറ്റ്‌സ്

നിങ്ങളുടെ അഭിപ്രായത്തിൽ ഇന്ന് ഇന്റർനെറ്റിൽ അടങ്ങിയിരിക്കുന്ന ഏറ്റവും വലിയ അപകടങ്ങൾ എന്തെല്ലാമാണ്?

റിഷർ: ഓൺലെെനിൽ നിലവിലുള്ള ഉപയോക്തൃനാമങ്ങളുടെയും പാസ്‌വേഡുകളുടെയും നിരവധി ലിസ്‌റ്റുകളാണ് അതിലൊന്ന്. ഞങ്ങളുടെ സഹപ്രവർത്തകനായ ടാഡെക് പിയട്രസെക്കും അദ്ദേഹത്തിന്റെ ടീമും ആറ് ആഴ്‌ച ചെലവഴിച്ച് ഇന്റർനെറ്റ് അരിച്ച് പെറുക്കിയപ്പോൾ 3.5 ബില്യൺ ഉപയോക്തൃനാമങ്ങളും പാസ്‌വേഡ് കോമ്പിനേഷനുകളുമാണ് കണ്ടെത്തിയത്. ഹാക്ക് ചെയ്‌ത Google അക്കൗണ്ടുകളിൽ നിന്നുള്ള ഡാറ്റ അല്ല ഇത് – മറ്റ് ദാതാക്കളിൽ നിന്ന് മോഷ്‌ടിച്ചതാണിത്. എന്നിരുന്നാലും, ധാരാളം ഉപയോക്താക്കൾ നിരവധി അക്കൗണ്ടുകൾക്കായി ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നതിനാൽ ഈ ലിസ്‌റ്റുകളും നമുക്ക് പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ട്.

മിക്‌ലിറ്റ്‌സ്: സ്‌പിയർ ഫിഷിംഗ് ഒരു വലിയ പ്രശ്‌നമായി ഞാൻ കാണുന്നു. വഞ്ചനാപരമായ ഉദ്ദേശ്യം തിരിച്ചറിയാൻ ഇരയ്‌ക്ക് കഴിയാത്ത തരത്തിൽ അക്രമി ബുദ്ധിപരമായി വ്യക്തിപരമാക്കിയ സന്ദേശം സൃഷ്‌ടിക്കുന്ന രീതിയാണിത്. ഹാക്കർമാർ വിജയകരമായി ഈ രീതി കൂടുതലായി പ്രയോഗിക്കുന്നത് നാം കാണുന്നു.

റിഷർ: ഞാൻ സ്‌റ്റെഫാനുമായി യോജിക്കുന്നു. കൂടാതെ, സ്‌പിയർ ഫിഷിംഗിന് കുറേ സമയമെടുക്കുമെന്ന് തോന്നുമെങ്കിലും അതിന് അത്ര സമയമൊന്നും വേണ്ട. സ്‌പാം ഇമെയിൽ വ്യക്തിപരമാക്കാൻ പലപ്പോഴും കുറച്ച് സമയം മാത്രം മതി. ഉപയോക്താക്കൾ അവരെക്കുറിച്ച് ഓൺലെെനിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ ഹാക്കർമാർക്ക് ഉപയോഗിക്കാനാകും. ക്രിപ്‌റ്റോ കറൻസികൾക്കുള്ള ഒരു പ്രശ്‌നമാണിത്, ഉദാഹരണത്തിന്: തങ്ങളുടെ പക്കൽ 10,000 ബിറ്റ്‌കോയിനുകൾ ഉണ്ടെന്ന് പരസ്യപ്പെടുത്തുന്ന ആളുകൾ, ഈ വിവരങ്ങൾ സെെബർ കുറ്റവാളികളുടെ ശ്രദ്ധയിൽപ്പെട്ടാൽ അത്ഭുതപ്പെടരുത്.

മിക്‌ലിറ്റ്‌സ്: ചന്തയിൽ പോയി മെഗാഫോണിലൂടെ ഞാൻ എന്റെ ബാങ്ക് അക്കൗണ്ട് ബാലൻസ് വിളിച്ച് പറയുന്നത് പോലെയാണിത്. ആരാണ് അങ്ങനെ ചെയ്യുക? ആരും ചെയ്യില്ല. എന്നാലും ഇന്റർനെറ്റിലെ അപകടസാധ്യതകൾ വിലയിരുത്താൻ ആളുകൾ ചിലപ്പോൾ ബുദ്ധിമുട്ടുന്നു.

സാധാരണ സ്‌പാം ഇമെയിലുകൾ തുടർന്നും ഒരു പ്രശ്‌നമാണോ?

റിഷർ: ഉപകരണങ്ങളും സേവനങ്ങളും ലിങ്ക് ചെയ്യുന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഓൺലെെനാകാൻ ആളുകൾ ലാപ്‌ടോപ്പുകളും സ്‌മാർട്ട്‌ഫോണുകളും മാത്രമല്ല ഉപയോഗിക്കുന്നത് – ടിവികളും സ്‌മാർട്ട്‌വാച്ചുകളും സ്‌മാർട്ട് സ്‌പീക്കറുകളും അവർ ഉപയോഗിക്കുന്നു. ഈ ഉപകരണങ്ങളിൽ വ്യത്യസ്‌തമായ ആപ്പുകൾ റൺ ചെയ്യുന്നു, ഹാക്കർമാർക്ക് ആക്രമിക്കാൻ വ്യത്യസ്‌തമായ ധാരാളം സാധ്യതകൾ ഇത് നൽകുന്നു. ഇപ്പോൾ പല ഉപകരണങ്ങളും പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഒരു ഉപകരണം ഉപയോഗിച്ച് മറ്റ് ഉപകരണത്തിലുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ഹാക്കർമാർ ശ്രമിക്കും. അതിനാൽ ഈ ചോദ്യം നമുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്: ധാരാളം പുതിയ ഉപയോഗ ശീലങ്ങൾ ഉണ്ടായിട്ടും നമ്മുടെ ഉപയോക്താക്കളുടെ സുരക്ഷ എങ്ങനെ നമുക്ക് ഉറപ്പ് നൽകാനാകും?

മിക്‌ലിറ്റ്‌സ്: ഓരോ സേവനങ്ങൾക്കും ശരിക്കും ഏത് ഡാറ്റയാണ് വേണ്ടതെന്നും സേവനങ്ങൾക്കിടയിൽ ഏത് ഡാറ്റയാണ് കെെമാറേണ്ടതെന്നും ഞങ്ങളോട് തന്നെ ചോദിക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്.

ഉപയോക്താക്കളെ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് നിങ്ങൾ എങ്ങനെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത്?

മിക്‌ലിറ്റ്‌സ്: Google കുറച്ച് കാലമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട്.

റിഷർ: ഞങ്ങളുടെ ഇമെയിൽ സേവനമായ Gmail-ലേക്ക് ആദ്യം മുതലേ ഈ സാങ്കേതികവിദ്യ ഉൾച്ചേർത്തിട്ടുണ്ട്. മെഷീൻ ലേണിംഗിൽ ഏർപ്പെട്ടിരിക്കുന്ന പ്രോഗ്രാമർമാരുടെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്ന, TensorFlow എന്ന് പേരുള്ള സ്വന്തം മെഷീൻ ലേണിംഗ് ലെെബ്രറി തന്നെ Google വികസിപ്പിച്ചിട്ടുണ്ട്. സാധാരണ പാറ്റേണുകൾ തിരിച്ചറിയുന്ന കാര്യത്തിൽ വിലപ്പെട്ട സേവനം നൽകുന്നതിനാൽ TensorFlow എന്ന പ്ലാറ്റ്‌ഫോം Gmail പ്രത്യേകം ഉപയോഗപ്പെടുത്തുന്നു.

ഈ പാറ്റേൺ തിരിച്ചറിയൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാമോ?

റിഷർ: നിരവധി ഉപയോക്താക്കൾക്കിടയിലെ തരം തിരിക്കാനാകാത്ത തരത്തിലുള്ള സംശയാസ്‌പദമായ ആക്‌റ്റിവിറ്റി ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പറയാം. ഈ ഇവന്റുകൾ താരതമ്യം ചെയ്യാനും ഏറ്റവും മികച്ച സാഹചര്യത്തിൽ, വഞ്ചനയുടെ പുതിയ രൂപങ്ങൾ ഓൺലെെനിൽ വ്യാപിക്കുന്നതിന് മുമ്പേ അവ കണ്ടെത്താനും സെൽഫ്-ലേണിംഗ് മെഷീന് കഴിയും.

മിക്‌ലിറ്റ്‌സ്: എന്നാലും പരിമിതികളുണ്ട്: മെഷീൻ ഉപയോഗിക്കുന്ന വ്യക്തിയുടെ വിവേകം മാത്രമേ മെഷീനും ഉള്ളൂ. മെഷീന് ഞാൻ തെറ്റായതോ ഏകപക്ഷീയമായതോ ആയ ഡാറ്റ നൽകിയാൽ അത് തിരിച്ചറിയുന്ന പാറ്റേണുകളും തെറ്റായതോ ഏകപക്ഷീയമായതോ ആയിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ചുറ്റിപ്പറ്റി ഇത്രമാത്രം ഹെെപ്പ് ഉണ്ടെങ്കിൽ കൂടി, അതിന്റെ കാര്യക്ഷമത അത് ഉപയോഗിക്കുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. ഉയർന്ന നിലവാരത്തിലുള്ള ഡാറ്റ ഉപയോഗിച്ച് മെഷീനെ പരിശീലിപ്പിക്കേണ്ടതും തുടർന്നുള്ള ഫലങ്ങൾ പരിശോധിക്കേണ്ടതും ഉപയോക്താവിന്റെ കടമയാണ്.

റിഷർ: ഞാൻ മറ്റൊരു ഇമെയിൽ ദാതാവിന് വേണ്ടി ജോലി ചെയ്യുന്ന സമയത്ത് ലാഗോസിലെ ഒരു ബാങ്ക് ജീവനക്കാരനിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. അക്കാലത്ത് വഞ്ചനാപരമായ ധാരാളം ഇമെയിലുകൾ പ്രചാരത്തിലുണ്ടായിരുന്നു – അവ നെെജീരിയയിൽ നിന്നുള്ളതായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. പേര് കേട്ട ബാങ്കിലാണ് ജോലി ചെയ്‌തിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ഇമെയിലുകൾ എപ്പോഴും സ്വീകർത്താവിന്റെ സ്‌പാം ഫോൾഡറിൽ ചെന്നെത്തുന്നതായി അയാൾ പരാതിപ്പെട്ടു. അപര്യാപ്‌തമായ വിവരങ്ങൾ കാരണം പാറ്റേൺ തിരിച്ചറിയലിൽ ഉണ്ടാകുന്ന തെറ്റായ സാമാന്യവൽക്കരണത്തിന്റെ ഒരു സാധാരണ കേസാണിത്. ആൽഗരിതം മാറ്റുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾക്കായി.

ഫോട്ടോഗ്രാഫുകൾ: കോണി മിർബാക്ക്

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക