ഡോ വീലൻഡ് ഹോൾഫെഡറാണ് മ്യൂണിക്കിലുള്ള Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിന് നേതൃത്വം നൽകുന്നത്

"ഡാറ്റാ സുരക്ഷ സങ്കീർണ്ണമാകരുത്."

2019 മുതൽ മ്യൂണിക്കിലെ Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിൽ (GSEC) ഇന്റർനെറ്റിലെ ഡാറ്റാ സ്വകാര്യതയിലും സുരക്ഷയിലുമാണ് Google ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. GSEC-യിലെ പുതിയ വികസനങ്ങളെ കുറിച്ചും തന്റെ ടീമിന്റെ പ്രവർത്തന രീതികളെ കുറിച്ചും ഡിജിറ്റൽ മികവിന്റെ കേന്ദ്രം എന്ന നിലയിൽ മ്യൂണിക്കിന്റെ സ്ഥാനത്തെ കുറിച്ചും സൈറ്റ് ലീഡ് വീലൻഡ് ഹോൾഫെഡർ വിശദീകരിക്കുന്നു.

ഡോ. ഹോൾഫെഡർ, Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രം, അഥവാ GSEC, 2019-ലാണ് മ്യൂണിക്കിൽ തുറന്നത്. കേന്ദ്രത്തിൽ എന്താണ് സംഭവിക്കുന്നത്?

GSEC എന്നത് Google-ന്റെ ആഗോള സ്വകാര്യതാ, സുരക്ഷാ എഞ്ചിനീയറിംഗ് ഹബ് ആണ്. ഇവിടെയാണ് ഞങ്ങൾ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതും ഉപയോക്തൃ ആവശ്യകതകൾ തിരിച്ചറിയുന്നതും ഇന്റർനെറ്റ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ അറിവ് പങ്കിടുന്നതും പങ്കാളികൾക്കൊപ്പം പ്രവർത്തിക്കുന്നതും.

ഡാറ്റാ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ജർമ്മനിയിൽ ഏറെ പ്രാധാന്യമുണ്ട്. Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിൽ ആ പ്രാദേശിക പാരമ്പര്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ട്?

വളരെ പ്രധാനപ്പെട്ടതാണ്. ഡാറ്റാ സ്വകാര്യതാ, സുരക്ഷാ ഡെവലപ്പ്മെന്റ് ടീമുകളെ ഞങ്ങൾ യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചത് യാദൃച്ഛികമായല്ല. ഓൺലൈൻ സ്വകാര്യതയേയും സുരക്ഷയേയും കുറിച്ചുള്ള യൂറോപ്യൻമാരുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്ന വലിയൊരു പാരമ്പര്യം ജർമ്മനിക്കുണ്ട്, അതിനാൽ ഞങ്ങൾ മ്യൂണിക്കിൽ Google എഞ്ചിനീയറിംഗ് ഓഫീസ് തുറന്നപ്പോൾ സ്ഥാപിച്ച ആദ്യ ടീമുകളിൽ അവയുമുണ്ടായിരുന്നു. മ്യൂണിക്കിൽ ഈ ടീമുകൾ വികസിപ്പിച്ച് പത്ത് വർഷത്തിന് ശേഷം, പരിധി വിശാലമാക്കണമെന്നും തുറന്ന സംവാദങ്ങൾ സംഘടിപ്പിക്കണമെന്നും ഉപയോക്താക്കളുമായും വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ഉത്തരവാദിത്തപ്പെട്ട പ്രസക്തരായ വ്യക്തികളുമായി ഇടപഴകണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മ്യൂണിക്കിൽ GSEC സ്ഥാപിക്കുന്നത് ഗുണകരമാകുന്നത്. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും യൂറോപ്യൻ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) പ്രകാരമുള്ള മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഈ അറിവും അവബോധവും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. യഥാർത്ഥത്തിൽ, ഡാറ്റാ സ്വകാര്യത, സുരക്ഷ എന്നിവയ്ക്ക് ലോകമെമ്പാടും കൂടുതൽ ശ്രദ്ധ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

GSEC എന്നത് 40-ൽ അധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരു അന്താരാഷ്ട്ര ഇടമാണ്.

അന്താരാഷ്ട്ര ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുകയെന്നാൽ നമുക്ക് വ്യത്യസ്തമായ നിരവധി വീക്ഷണങ്ങൾ വേണമെന്നർത്ഥം. ഞങ്ങളുടെ ജീവനക്കാർ ഉപയോക്താക്കളെ കഴിയാവുന്നത്ര പ്രതിനിധീകരിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്. എന്നിരുന്നാലും, ഞങ്ങൾ ആഗ്രഹിക്കുന്ന തലത്തിന്റെ അടുത്തുപോലും എത്താൻ ഈ നിമിഷം വരെ സാധിച്ചിട്ടില്ല, ലിംഗഭേദം ഉൾപ്പെടെയുള്ളതും അതിന് പുറമെയുള്ളതുമായ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ടീമിനെ ദീർഘകാലാടിസ്ഥാനത്തിൽ വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഉദാ. കമ്പ്യൂട്ടർ സയൻസ് മേഖലയിലെ സ്ത്രീകൾക്ക് സ്കോളർഷിപ്പ് നൽകിക്കൊണ്ട് അല്ലെങ്കിൽ ഞങ്ങളുടെ പ്രാദേശിക സർവകലാശാലയുമായി ചേർന്ന് വിദ്യാർത്ഥിനികളെ പിന്തുണയ്ക്കുന്നതിനായി ഒരു മാർഗ്ഗനിർദ്ദേശ പരിപാടി സംഘടിപ്പിച്ചുകൊണ്ട്.

GSEC-യിലെ ഒരു സാധാരണ ദിവസം എങ്ങനെയാണ്?

Google അക്കൗണ്ട്, Google Chrome ബ്രൗസർ പോലുള്ള Google ഉൽപ്പന്നങ്ങളിൽ ഓരോ ദിവസവും 200-ൽ അധികം സ്വകാര്യതാ എഞ്ചിനീയർമാർ പ്രവർത്തിക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്കായി സുരക്ഷാ ട്രെയിനിംഗ്, ഡിഫറൻഷ്യൽ സ്വകാര്യതാ കോഡ്‌ലാബുകൾ പോലുള്ള ഇവന്റുകൾ ഉൾപ്പെടെയുള്ള വർക്ക്‌ഷോപ്പുകളും ഞങ്ങൾ നടത്താറുണ്ട്. ചുറ്റുപാടുകൾ അതിവേഗം മാറുന്നതിനാലും ഇന്റർനെറ്റ് സുരക്ഷ എന്ന വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാലും ഇതിന് ഞാൻ പ്രത്യേകം പ്രാധാന്യം നൽകുന്നു.

പ്രവർത്തന ലക്ഷ്യം സംബന്ധിച്ച് മ്യൂണിക്കിൽ നിന്നുള്ള പ്രസ്താവന: Google സുരക്ഷാ എഞ്ചിനീയറിംഗ് കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച

നിങ്ങൾ ചെയ്യുന്നതിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ദിവസേന അഭിമുഖീകരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്തെല്ലാമാണ്?

ഉദാഹരണത്തിന്, Google ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ മെച്ചപ്പെട്ട തിരയൽ ഫലങ്ങൾ ലഭിക്കുന്നതിനായി വ്യക്തിപരമാക്കാൻ എന്ത് തരം ഡാറ്റയാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. വ്യത്യസ്‌ത ഉൽപ്പന്നങ്ങളിൽ ഉടനീളം നിങ്ങൾക്കായി മികച്ച രീതിയിൽ Google-നെ പ്രവർത്തിപ്പിക്കുന്നതിന് നിങ്ങളുടെ വിവരങ്ങളും സ്വകാര്യതയും സുരക്ഷയും മാനേജ് ചെയ്യാൻ Google അക്കൗണ്ട് നിങ്ങളെ സഹായിക്കുന്നു. പ്രവർത്തന നിയന്ത്രണങ്ങൾ, പരസ്യ ക്രമീകരണം എന്നിവ പോലുള്ള നിയന്ത്രണങ്ങൾ ഏത് ഡാറ്റ ഉപയോഗിച്ചാണ് നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കേണ്ടതെന്ന് തീരുമാനിക്കാൻ അനുവദിക്കുന്നു, ഇതുവഴി Google-ന്റെ എല്ലാ സേവനങ്ങളും നിങ്ങൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കും. ഈ ആവശ്യത്തിനായി ഞങ്ങൾ സ്വകാര്യതാ പരിശോധന വികസിപ്പിച്ചെടുത്തു, Google അക്കൗണ്ടിൽ വളരെ വേഗത്തിൽ സ്വകാര്യതാ മുൻഗണനകൾ സജ്ജീകരിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. Chrome, Android എന്നിവയ്ക്കായി ഞങ്ങൾ Password Manager വികസിപ്പിച്ചെടുത്തു, നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ വെബ്സൈറ്റുകൾക്കും ആപ്പുകൾക്കുമായി അത് ആവശ്യമനുസരിച്ച് സ്വയമേവ പാസ്‌വേഡ് സൃഷ്ടിക്കുകയും സംഭരിക്കുകയും ചെയ്യുന്നു. പാസ്‌വേഡ് പരിശോധന ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ പാസ്‌വേഡുകളിൽ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാനുമാകും. ഞങ്ങൾക്ക് അറിയാവുന്ന ഡാറ്റാ ലംഘനത്തിൽ പാസ്‌വേഡ് അപഹരിക്കപ്പെട്ടിട്ടുണ്ടോയെന്ന് അവർക്ക് മനസ്സിലാക്കാനാകും. തുടർന്ന് എങ്ങനെ പാസ്‌വേഡ് മാറ്റാം എന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ അവർക്ക് ലഭിക്കും. ഈ പാസ്‌വേഡ് സംരക്ഷണ ടൂളുകൾ സംബന്ധിച്ച് GSEC നടത്തിയ പ്രവർത്തനങ്ങളിൽ എനിക്ക് പ്രത്യേകം അഭിമാനമുണ്ട്.

എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ?

ഫിഷിംഗ് വെബ്സൈറ്റുകളുടെ തന്ത്രങ്ങളിൽ Password Manager വീഴില്ല, ഓരോ വെബ്സൈറ്റിനും പുതിയതും ശക്തമായതുമായ ഒരു പാസ്‌വേഡ് സൃഷ്ടിക്കാൻ നിങ്ങൾക്ക് സാധിക്കും, അവ നിങ്ങൾ സ്വയം ഓർത്തിരിക്കേണ്ട ആവശ്യവും വരുന്നില്ല. ഇത് ഹാക്കർമാരെ പാസ്‌വേഡുകൾ ഊഹിക്കാൻ അനുവദിക്കുന്നില്ല – നിങ്ങൾ ഒരേ പാസ്‌വേഡ് ഒന്നിലധികം സൈറ്റുകളിൽ ഉപയോഗിക്കുന്നതും ഇത് തടയുന്നു.

എന്തുകൊണ്ടാണ് അതൊരു പ്രശ്‌നമാകുന്നത്?

ഞാൻ ഒരു വെബ്സൈറ്റിൽ നിന്ന് ഭാര്യയ്ക്കായി പൂക്കൾ ഓർഡർ ചെയ്യുന്നുവെന്ന് സങ്കൽപ്പിക്കുക, ഞാൻ ധൃതിയിൽ മറ്റൊരിടത്ത് ഉപയോഗിക്കുന്ന അതേ പാസ്‌വേഡ് തന്നെ ഇതിലെ ഉപഭോക്തൃ അക്കൗണ്ടിനായി നൽകുന്നു. ഹാക്കർമാർക്ക് പൂക്കടയുടെ സെർവർ ആക്‌സസ് ചെയ്യാനും ഈ പാസ്‌വേഡ് കൈവശപ്പെടുത്താനുമായാൽ, ഇതേ പാസ്‌വേഡ് ഉപയോഗിച്ച് എന്റെ ഇമെയിൽ അക്കൗണ്ടോ Google അക്കൗണ്ടോ ആക്‌സസ് ചെയ്യാനാകുമോ എന്ന് അവർക്ക് വളരെയെളുപ്പത്തിൽ കണ്ടെത്താനാകും. കൂടുതൽ എന്ത് പറയാൻ, ഞാൻ ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്ക് പുതിയ പാസ്‌വേഡുകൾ സജ്ജീകരിക്കാൻ അവർക്കാകും. ഓരോ സൈറ്റിനും ശക്തവും തനതുമായ പാസ്‌വേഡുകൾ സ്വയമേവ സൃഷ്ടിച്ച് നിങ്ങൾ ഓൺലൈനിൽ സുരക്ഷിതരാണെന്ന് Password Manager ഉറപ്പാക്കുന്നു.

ഡോ. വീലൻഡ് ഹോൾഫെഡർ Google-ന്റെ മ്യൂണിക്ക് ഓഫീസിന് മുന്നിൽ

“അന്താരാഷ്ട്ര ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുകയെന്നാൽ നമുക്ക് വ്യത്യസ്തമായ നിരവധി വീക്ഷണങ്ങൾ വേണമെന്നർത്ഥം.”

വീലൻഡ് ഹോൾഫെഡർ, Google-ലെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റും സൈറ്റ് ലീഡുമാണ്

ഇതിലും സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കാനാകുമോ?

അതെ, Google അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് രണ്ട് ഘട്ട പരിശോധിച്ചുറപ്പിക്കലും ഉപയോഗിക്കാം. ഓരോ തവണയും പുതിയൊരു ഉപകരണത്തിലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ, ഞങ്ങൾ ഫോണിലേക്ക് അയയ്ക്കുന്ന ഒരു കോഡ് നിങ്ങൾ ഉപയോഗിക്കേണ്ടി വരുമെന്നാണ് ഇതിനർത്ഥം. അതായത്, ഒരു വിദേശ രാജ്യത്ത് നിന്ന് ആരെങ്കിലും നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്താലും അവർക്ക് നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യണമെങ്കിൽ ആ രണ്ടാം ഘട്ടം പൂർത്തിയാക്കേണ്ടി വരും. എനിക്ക് വ്യക്തിപരമായി, ഉദാഹരണത്തിന്, ഓൺലൈനിൽ എന്റെ അക്കൗണ്ടിൽ നിരവധി മൂല്യമേറിയ, അധിക പരിരക്ഷ നൽകാതെ എനിക്ക് ഇനി ഉറങ്ങാനാകാത്ത തരത്തിലുള്ള വിവരങ്ങളുണ്ട്.

കൃത്യമായി പറഞ്ഞാൽ എങ്ങനെയാണ് GSEC-യിൽ ഇത്തരം പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നത്?

ഉദാഹരണത്തിന്, ഞങ്ങൾ "ഉപയോക്തൃ അനുഭവ ഗവേഷണ ലാബ്" സന്ദർശിക്കാനോ ഓൺലൈൻ ഇന്റർവ്യൂകളിൽ പങ്കെടുക്കാനോ ആളുകളെ ക്ഷണിക്കുന്നു, അതുവഴി അവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചോ കാര്യങ്ങൾക്കായി തിരഞ്ഞ് തുടങ്ങുന്നത് എങ്ങനെയാണെന്നോ മനസ്സിലാക്കാൻ നമുക്ക് സാധിക്കും. അവരുടെ സ്വകാര്യതാ മുൻഗണനകൾ സംബന്ധിച്ച് വസ്‌തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിനായി സാധാരണഗതിയിൽ അവർക്ക് എന്തൊക്കെ ടൂളുകളും സഹായങ്ങളുമാണ് വേണ്ടതെന്ന് മനസ്സിലാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. “വ്യത്യസ്ത കുടുംബാംഗങ്ങൾക്കൊപ്പം നിങ്ങൾ Chrome ബ്രൗസർ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങളോട് പറയാമോ?” എന്നത് പോലുള്ള ചോദ്യങ്ങൾ ഞങ്ങൾ ആളുകളോട് ചോദിക്കുന്നു, ഉൽപ്പന്നങ്ങൾ അവരോട് പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് മൂല്യനിർണ്ണയം നടത്തുന്നതിനായി ഞങ്ങളുടെ ഉൽപ്പന്നങ്ങളുമായി ഇടപഴകാനും ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നു. ഈ ഉൾക്കാഴ്ചകൾ വളരെ പ്രധാനപ്പെട്ടതാണ്, കാരണം നമ്മുടെ വിവരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ശരിയായ സ്ഥലത്താണോയെന്നോ ഇന്റർഫേസും ബട്ടണുകളും സഹായകരമാണോ അല്ലയോ എന്നോ മനസ്സിലാക്കാൻ അവ ഞങ്ങളെ സഹായിക്കുന്നു. ഉൽപ്പന്നങ്ങൾ ഉപയോക്താക്കളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. വെബിൽ സുരക്ഷിതരാണെന്ന് തോന്നാൻ നിങ്ങൾ സുരക്ഷാ വിദഗ്ദ്ധരാകണമെന്നില്ല എന്ന തത്വമാണ് ഞങ്ങൾക്കുള്ളത്.

മറ്റ് കാര്യങ്ങൾക്കൊപ്പം, നിങ്ങൾ നിലവിൽ മൂന്നാം കക്ഷി കുക്കികൾ കാലഹരണപ്പെടുത്തുന്നതിനായും പ്രവർത്തിക്കുന്നു. എന്താണ് കുക്കികൾ?

ഇന്റർനെറ്റിന്റെ തുടക്കം മുതൽ തന്നെ കുക്കികളുമുണ്ട്. വെബ്സൈറ്റ് സേവനദാതാതാക്കൾ ഒരു കമ്പ്യൂട്ടറിൽ പ്രദേശികമായി വിവരങ്ങൾ സംഭരിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഫയലുകളാണിവ. കുക്കികൾ ഇന്നും ഇന്റർനെറ്റിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ആദ്യ കക്ഷി കുക്കികൾ ഒരു ഓൺലൈൻ അക്കൗണ്ടിലേക്ക് നിങ്ങളെ ലോഗ് ചെയ്‌ത് നിലനിർത്താനോ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ ഷോപ്പിംഗ് കാർട്ടുകൾ പ്രവർത്തിപ്പിക്കാനോ ഉപയോഗിക്കുന്നു. പ്രസക്തമായ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്ന മൂന്നാം കക്ഷി കുക്കികളുമുണ്ട്. ഓൺലൈനിൽ നിങ്ങൾ ഒരു നിർദ്ദിഷ്ട ഉൽപ്പന്നത്തിനായി തിരഞ്ഞുവെന്നതും മൂന്നാം കക്ഷി കുക്കികൾക്ക് റെക്കോർഡ് ചെയ്യാനാകും. അതായത്, നിങ്ങൾ ഒരു സൈറ്റിൽ ബാക്ക്പാക്ക് തിരഞ്ഞുവെന്നത് രജിസ്റ്റർ ചെയ്യാനും തുടർന്ന് മറ്റൊരു സൈറ്റിൽ നിന്ന് സമാനമായൊരു ബാക്ക്പാക്കിന്റെ പരസ്യം നിങ്ങളെ കാണിക്കാനും കുക്കിക്ക് കഴിയും.

അത് എന്തുകൊണ്ടാണ്?

ഇന്റർനെറ്റ് തുറന്നതും മിക്കവാറും സൗജന്യവുമായ ഒരു പ്ലാറ്റ്‌ഫോമാണ്. വെബ്സൈറ്റ് വരുമാനത്തിൽ പ്രാഥമികമായി പണം ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണ്, പരസ്യത്തിന്റെ പ്രസക്തി എത്ര വർദ്ധിക്കുന്നുവോ ഉപയോക്താക്കൾക്കും സേവനദാതാക്കൾക്കുമുള്ള പ്രയോജനവും അത്രതന്നെ വർദ്ധിക്കുന്നു.

ഉപയോക്താക്കളുടെ ചലനങ്ങളെ ഓൺലൈനായി ട്രാക്ക് ചെയ്യാൻ മൂന്നാം കക്ഷി കുക്കികൾ അനുവദിക്കുന്നു. ഭാവിയിൽ ഇത് അവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശരിയല്ലേ?

അതെ, നിലവിൽ ഞങ്ങൾ “സ്വകാര്യതാ സാൻഡ്ബോക്‌സ്" വികസിപ്പിക്കുകയാണ്, അതുവഴി ഭാവിയിൽ പരസ്യദാതാക്കൾക്ക് എന്റെ കുക്കികൾ മുഖേന എന്നെ തിരിച്ചറിയാനാകില്ല. ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കൊത്ത് മൂന്നാം കക്ഷി കുക്കികൾ ഉയരുന്നില്ലെന്ന വലിയൊരു തിരിച്ചറിവ് വെബ് കമ്മ്യൂണിറ്റികളിൽ ഉടനീളമുണ്ട്. ഉപയോക്താക്കൾ കൂടുതൽ സ്വകാര്യത -സുതാര്യത, തിരഞ്ഞെടുപ്പ്, അവരുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്മേലുള്ള നിയന്ത്രണം എന്നിവ ഉൾപ്പെടെ- ആവശ്യപ്പെടുകയാണ്, ഈ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ വെബ് ഇക്കോ സിസ്റ്റം വികസിക്കേണ്ടതുണ്ടെന്നത് വ്യക്തമാണ്. ക്രോസ്-സൈറ്റ് ട്രാക്കിംഗ് അവസാനിപ്പിക്കാൻ, മൂന്നാം കക്ഷി കുക്കികളിൽ നിന്നും ബ്രൗസർ ഫിംഗർപ്രിന്റിംഗ് പോലുള്ള മറഞ്ഞിരിക്കുന്ന മറ്റ് രീതികളിൽ നിന്നും വെബ് അകലം പാലിക്കേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ 30 വർഷത്തിലധികമായി, ഇതേ രീതികളെത്തന്നെ ആശ്രയിച്ചാണ് വെബിന്റെ നിരവധി പ്രധാന കഴിവുകളും രൂപപ്പെട്ടത്. പ്രസാധകരെ അവരുടെ ബിസിനസുകൾ വളരുന്നത് തുടരാൻ പ്രാപ്തമാക്കുക, വെബിനെ സുസ്ഥിരമായി നിലനിർത്തുക, ഉള്ളടക്കത്തിലേക്ക് ആഗോള ആക്‌സസ് ഉറപ്പാക്കുക, ആളുകൾക്ക് അവരുടെ വ്യക്തിഗത ഉപകരണങ്ങളിൽ ഏറ്റവും മികച്ച അനുഭവം നൽകുക, ബോട്ടുകളിൽ നിന്നും തട്ടിപ്പുകാരിൽ നിന്നും മറ്റും യഥാർത്ഥ ഉപയോക്താക്കളെ വേർതിരിച്ചറിയുക തുടങ്ങിയ വെബിന്റെ നിർണ്ണായക കഴിവുകൾ നഷ്‌ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സ്വകാര്യതാ സാൻഡ്ബോക്‌സ് ഓപ്പൺ സോഴ്‌സ് സംരംഭം സംബന്ധിച്ച ഞങ്ങളുടെ ലക്ഷ്യം, പ്രസാധകരെ പിന്തുണയ്ക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് വെബ് കൂടുതൽ സ്വകാര്യവും സുരക്ഷിതവുമാക്കുക എന്നതാണ്.

Google എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുന്നത്?

പ്രയോജനകരമായ പരസ്യങ്ങൾ നൽകാനും ബിസിനസിനെ ഫണ്ട് ചെയ്യാനും സൈറ്റുകൾക്ക് ഒരു വഴി നൽകുന്നതോടൊപ്പം തന്നെ, ഉപയോക്തൃ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതും ഫിംഗർപ്രിന്റിംഗ് പോലുള്ള തുടർച്ചയായി ട്രാക്ക് ചെയ്യുന്ന രീതി ഒഴിവാക്കുന്നതുമായ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്വകാര്യതാ സാൻഡ്ബോക്‌സ് സംരഭത്തിന്റെ ഭാഗമായി ഞങ്ങൾ വെബ് കമ്മ്യൂണിറ്റിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ വർഷമാദ്യം, താൽപ്പര്യം അനുസരിച്ച് പരസ്യങ്ങൾ കാണിക്കുന്നതിനുള്ള പുതിയ സ്വകാര്യതാ സാൻഡ്ബോക്‌സ് നിർദ്ദേശമായ Topics API ഞങ്ങൾ പ്രിവ്യൂ ചെയ്‌തു, ഫീഡ്ബാക്ക് റെഗുലേറ്റർമാർ, സ്വകാര്യതാ സംരക്ഷണത്തിനായി വാദിക്കുന്നവർ, ഡെവലപ്പർമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ള FloC-യെ മാറ്റിസ്ഥാപിക്കുന്നതാണിത്. “സ്പോർട്‌സ്” പോലുള്ള, സന്ദർശിക്കുന്ന സൈറ്റുകളിൽ നിന്ന് അനുമാനിക്കുന്ന താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കൾക്ക് ഏറ്റവുമധികം സ്വകാര്യതാ-സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള രീതിയിൽ, ആളുകൾക്ക് പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ ഇത് പരസ്യദാതാക്കളെ അനുവദിക്കുന്നു. മുമ്പ് ഉപയോക്താക്കളെ തിരിച്ചറിയാൻ കുക്കികളാണ് ഉപയോഗിച്ചിരുന്നത്, നിങ്ങളുടെ വ്യക്തിപരമായ ബ്രൗസർ ചരിത്രം നിങ്ങളുടെ ബ്രൗസറിൽ നിന്നോ ഉപകരണത്തിൽ നിന്നോ പുറത്തുപോകുന്നില്ല എന്നതാണ് Topics-ന് പിന്നിലുള്ള ആശയം, പരസ്യദാതാക്കൾ ഉൾപ്പെടെ ആരുമായും ഇത് പങ്കിടുന്നില്ല. വെബിലുടനീളം ട്രാക്ക് ചെയ്യാതെ തന്നെ പ്രസക്തമായ പരസ്യങ്ങളും ഉള്ളടക്കങ്ങളും നൽകാൻ പരസ്യദാതാക്കൾക്ക് സാധിക്കും എന്നാണ് ഇതിനർത്ഥം.

FLEDGE, മെഷർമെന്റ് API-കൾ എന്നിവ ഉൾപ്പെടെ സ്വകാര്യതാ സാൻഡ്ബോക്‌സിനുള്ള മറ്റ് നിർദ്ദേശങ്ങളിലും ഞങ്ങൾ വലിയ പുരോഗതി കൈവരിക്കുകയാണ്, ഇക്കോ സിസ്റ്റത്തിൽ മുഴുവനും പ്രവർത്തിക്കുന്ന വിധത്തിലാണ് ഞങ്ങളുടെ നിർദ്ദേശങ്ങൾ ഡെവലപ്പ് ചെയ്യുന്നതെന്ന് ഉറപ്പാക്കുന്നതിനായി UK-യിലെ കോംപറ്റീഷൻസ് ആൻഡ് മാർക്കറ്റ്സ് അതോറിറ്റിയുമായി (CMA) സഹകരിക്കുന്നത് തുടരുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾക്കും മറ്റ് സാങ്കേതികവിദ്യാ കമ്പനികൾക്കും പ്രിയപ്പെട്ട ഒരു ലൊക്കേഷനായി മ്യൂണിക്ക് മാറിയിട്ടുണ്ട്. Google മ്യൂണിക്കിന്റെ സൈറ്റ് ലീഡ് എന്ന നിലയിൽ താങ്കളുടെ ഇതുവരെയുള്ള അനുഭവം എന്താണ്?

മ്യൂണിക്ക് ശ്രദ്ധേയമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. Apple, Amazon, Google എന്നിവയെല്ലാം ഇവിടെ നിക്ഷേപം നടത്തുകയും അവരുടെ ബിസിനസ് വികസിപ്പിക്കുകയുമാണ്, അതുപോലെത്തന്നെ ഡാറ്റാ അനലിറ്റിക്‌സ് സേവനങ്ങൾ നൽകുന്ന യുണിക്കോൺ കമ്പനിയായ സെലോണിസ് പോലുള്ള മികച്ച മറ്റ് കമ്പനികളും. B2B കമ്പനികളിൽ ബഹുഭൂരിപക്ഷവും ഇവിടെ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്, മറ്റിടങ്ങളിൽ ഉള്ളതിനേക്കാൾ ശക്തമായ മറ്റ് നിരവധി സാങ്കേതികവിദ്യാ ബിസിനസുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. പ്രാദേശിക സംരംഭക കേന്ദ്രങ്ങൾ നടത്തുന്ന LMU, TUM എന്നിവ പോലുള്ള മികച്ച സർവകലാശാലകളും ഞങ്ങൾക്കുണ്ട്. ഇതിന് പുറമെ, ബവേറിയൻ സ്റ്റേറ്റ് ഗവൺമെന്റ് അതിന്റെ "ഹൈ-ടെക് അജണ്ട" ആക്ഷൻ പ്ലാനിലൂടെ സമാനതകളില്ലാത്ത പിന്തുണയാണ് നൽകുന്നത്. ഉദാഹരണത്തിന്, നിർമ്മിത ബുദ്ധിയിലും ക്വാണ്ടം കമ്പ്യൂട്ടിംഗിലും വലിയ തോതിലുള്ള നിക്ഷേപങ്ങളാണ് ഞങ്ങൾക്ക് കാണാനാകുന്നത് – അത് ഗംഭീര കാര്യമാണ്. ഏറെക്കാലമായുള്ള പ്രാദേശിക പാരമ്പര്യത്തിന് പുറമെ, എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലുമുള്ള വൈദഗ്ദ്ധ്യം, അതിന്റെ ശക്തമായ സാമ്പത്തിക നില, ഗുണപരമായ രാഷ്ട്രീയ പിന്തുണ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉയർന്ന ജീവിത നിലവാരം എന്നിവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് മ്യൂണിക്കിനെ ഒരു നല്ല ലൊക്കേഷനാക്കുന്നു.

രണ്ട് വർഷം മുമ്പാണ് ബവേറിയൻ തലസ്ഥാനത്ത് GSEC പ്രവർത്തനമാരംഭിച്ചത്.

മ്യൂണിക്കിലെ Google ഓഫീസുകളുടെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്. കൊറോണ വൈറസ് മഹാമാരി നിങ്ങളുടെ പ്ലാനുകളിൽ മാറ്റമുണ്ടാക്കിയോ?

കോവിഡിന് മുമ്പ്, ഞങ്ങൾ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് ഓഫീസിലാണ്, ജീവനക്കാർക്ക് പരസ്പരം കാണാനും നേരിട്ട് സഹകരിച്ച് സൃഷ്ടിക്കാനുമായി നിരവധി കഫേകളും മീറ്റിംഗ് റൂമുകളും റെസ്റ്റോറന്റുകളും അവിടെയുണ്ട്. സ്വാഭാവികമായും ഈ രീതിയിലുള്ള പ്രവർത്തനത്തെ കോവിഡ് കാര്യമായിത്തന്നെ മാറ്റിമറിച്ചു, കഴിഞ്ഞ വർഷങ്ങളിൽ നിന്ന് പഠിച്ച നിരവധി കാര്യങ്ങൾ ഉൾക്കൊണ്ട് ഞങ്ങളിപ്പോൾ പുതിയതും ആവേശജനകവുമായ അർനൽഫ്പോസ്റ്റ് പ്രൊജക്റ്റിനായി തയ്യാറെടുക്കുകയാണ്.

വിദൂരത്ത് നിന്ന് ജോലി ചെയ്യുമ്പോഴും ഇതേ അന്തരീക്ഷം സൃഷ്ടിക്കുക സാധ്യമാണോ?

ഞങ്ങളുടെ കമ്പനി ക്ലൗഡിലാണ് ജനിച്ചത്, വികസിച്ചതും ക്ലൗഡിലാണ്, ഞങ്ങളെല്ലാം ക്ലൗഡിൽ സജീവമാണ്. അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗുകളിലോ തുറന്ന വീഡിയോ കോൺഫറൻസുകളിലോ ഓൺലൈനായി ഇടപഴകാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ പരിശ്രമിക്കുന്നത്. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ സാമൂഹ്യ മൂലധനത്തെ എന്നെന്നേക്കുമായി ഒഴിവാക്കാനാകില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങൾ ജോലിക്കെടുത്ത നിരവധി ആളുകൾ ഇതുവരെ ഞങ്ങളുടെ ഓഫീസുകളിൽ കാലുകുത്തിയിട്ടേയില്ല. ഓരോരോ വ്യക്തിയേയും തങ്ങളോടൊപ്പം കൊണ്ടുവരിക എന്നത് എല്ലാ മാനേജർമാർക്കും ഒരു വെല്ലുവിളിയാണ്.

GSEC-യിൽ, പ്രത്യേകിച്ച് മ്യൂണിക്കിൽ ജോലി നടക്കുന്ന രീതി ഭാവിയിൽ എങ്ങനെയാകുമെന്നാണ് ഇത് അർത്ഥമാക്കുന്നത്?

പുതിയ നവീനമായ ആശയങ്ങൾ ഉരുത്തിരിയാൻ ആവശ്യമായ ഭാഗ്യമുണ്ടാകാൻ ആളുകളെ ഒരുമിച്ച് ജോലിസ്ഥലത്ത് എത്തിക്കുന്നതിനുള്ള പ്രാധാന്യത്തിൽ ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു, അതിനാൽ ഞങ്ങൾ ഒരിക്കലും 100 ശതമാനം വെർച്വലാകില്ല. എന്നാൽ ജോലി ചെയ്യാൻ ഒരു സ്ഥിരം സ്ഥലം എന്നത് എല്ലാവർക്കും ആവശ്യമാണോയെന്ന് ഞങ്ങൾ സ്വയം ചോദിച്ചു. ഞങ്ങളുടെ സെയിൽസ് ടീമുകൾ ഇപ്പോൾത്തന്നെ ഫ്ലെക്‌സിബിളായാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ എഞ്ചിനീയർമാർക്കുള്ള മിക്ക വികസന ടൂളുകളും ക്ലൗഡിലേക്ക് മാറുകയാണ്. ഭാവിയിൽ, എത്ര വർക്ക്സ്റ്റേഷനുകൾ ഫ്ലെക്‌സിബിളും എത്രയെണ്ണം സ്ഥിരമായും നിലനിർത്തണമെന്ന് ഓരോ ടീമിനും സ്വയം തീരുമാനിക്കാനാകും. വ്യക്തിഗതമായ ജോലിസ്ഥല മുൻഗണനകളും ഷെഡ്യൂളുകളും അടിസ്ഥാനമാക്കി കൂടുതൽ ചലനാത്മകമായ ഒരു സംവിധാനത്തിൽ ജോലി ചെയ്യാൻ ടീമുകളെ അനുവദിക്കുന്ന വേഗതയേറിയ വിഭജന ടൂളുകളും സഹകരിച്ച് പ്രവർത്തിക്കാവുന്ന പുതിയ സ്പെയ്‌സുകളും നൽകിക്കൊണ്ട് ജോലി ചെയ്യുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ ഞങ്ങൾ ഇന്ന് അടുത്തറിയുകയാണ്.

ഫോട്ടോകൾ: സിമ ദെഹ്ഗാനി

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ

ലോകത്ത് മറ്റാരേക്കാളും കൂടുതൽ ആളുകളെ ഞങ്ങൾ ഓൺലൈനിൽ സുരക്ഷിതരായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.

കൂടുതലറിയുക